ഓച്ചിറ: ക്ലാപ്പന ഷണ്മുഖവിലാസം ഹയർ സെക്കൻഡറി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ആർ. രാമചന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ശതാബ്ദി ആഘോഷക്കമ്മിറ്റി ചെയർമാനും ക്ലാപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ എസ്.എം. ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ സന്ദേശം ചടങ്ങിൽ വായിച്ചു. പന്ത്രണ്ട് കോടി രൂപ ചെവലിൽ സ്മാർട്ട് ക്ലാസ് സൗകര്യത്തോടെ നിർമ്മിക്കുന്ന ആറ് നിലകളുള്ള ശതാബ്ദി മന്ദിരത്തിന്റെ ശിലാസ്ഥാപനം ശിവഗിരിമഠം ട്രഷറർ സ്വാമി ശാരദാനന്ദ നിർവഹിച്ചു. ശതാബ്ദി മന്ദിരത്തിന്റെ പ്ലാൻ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. മജീദ്, ഗ്രാമ പഞ്ചായത്തംഗം ക്ലാപ്പന ഷിബു തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ബിജുകുമാർ കൊക്കാട്ട് സ്കൂളിന്റെ ചരിത്രാവലോകനം നടത്തി. സ്കൂൾ മാനേജർ ആർ. രണോജ് വിശിഷ്ടാതിഥികൾക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. കലോത്സവ വിജയികളായ വിദ്യാർത്ഥിനികൾ ദൈവദശകത്തിന്റെയും കുണ്ഡലിനിപ്പാട്ടിന്റെയും
നൃത്താവിഷ്ക്കരണം അവതരിപ്പിച്ചു. ശതാബ്ദി ആഘോഷക്കമ്മിറ്റി ജനറൽ കൺവീനർ പ്രൊഫ. ഡോ. പി. പദ്മകുമാർ സ്വാഗതവും സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് എസ്. സുരേഷ് നന്ദിയും പറഞ്ഞു. ഉച്ചയ്ക്ക് ശേഷം നടന്ന വർണവസന്തം പരിപാടി സിനിമാ സീരിയൽ താരം രശ്മി അനിൽ ഉദ്ഘാടനം ചെയ്തു. എ.എം. ആരിഫ് എം.പി വിരമിക്കുന്ന അദ്ധ്യാപകർക്ക് ഉപഹാരങ്ങൾ നൽകി. ക്ലാപ്പന ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശ്രീകല അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികളായ എം. ഗീത, വരവിള മനേഷ്, പി. ബിന്ദു, സീനിയർ അസിസ്റ്റന്റ് രശ്മി പ്രഭാകരൻ എന്നിവർ സംസാരിച്ചു.