കൊല്ലം: വീട്ടിൽനിന്ന് 350 മീറ്റർ അകലെ ഇത്തിക്കരയാറിന്റെ കൈവഴിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ദേവനന്ദയെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതാണെന്ന് കുടുംബം. കുറ്റവാളിയെ കണ്ടെത്താൻ കൃത്യമായ നടപടി കൈക്കൊള്ളണമെന്ന് അമ്മ ധന്യയും അപ്പൂപ്പൻ മോഹനൻപിള്ളയും ഇന്നലെ മാദ്ധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞു.
ആശ്വാസ വാക്കുകളുമായി വീട്ടിലെത്തിയ രാഷ്ട്രീയ നേതാക്കളോടും ജനപ്രതിനിധികളോടും ഇതേ ആവശ്യമാണ് കുടുംബം ഉന്നയിച്ചത്. വ്യാഴാഴ്ച രാവിലെ വീട്ടിൽ നിന്ന് കാണാതായ നെടുമൺകാവ് ഇളവൂർ തടത്തിൽമുക്ക് ധനീഷ് ഭവനിൽ പ്രദീപ് കുമാറിന്റെയും ധന്യയുടെയും മകൾ ദേവനന്ദയുടെ (പൊന്നു -7) മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് കണ്ടെത്തിയത്. ദേവനന്ദയുടേത് മുങ്ങിമരണമാണെന്നും അസ്വാഭാവികതകൾ ഇല്ലെന്നുമുള്ള പോസ്റ്റ്മോർട്ടം റിപ്പോർട്ട് കുടുംബം മുഖവിലയ്ക്കെടുക്കുന്നില്ല. കുടുംബത്തിന്റെ പരാതി പരിഗണിച്ച് സയന്റിഫിക് വിദഗ്ദ്ധരെ കൂടി ഉൾപ്പെടുത്തി അന്വേഷണസംഘത്തെ വിപുലീകരിച്ചു.
സംശയത്തിനു പിന്നിൽ
വീട്ടിൽ നിന്ന് 70 മീറ്റർ അകലെ ഇത്തിക്കരയാറ്റിലേക്ക് ഇറങ്ങാൻ കൽപ്പടവുകളുണ്ട്. കുട്ടി തനിച്ച് ഇവിടെ എത്തില്ലെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും സംശയം അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.
ആറ്റിലേക്കു ചാഞ്ഞുകിടന്ന വള്ളിപ്പടർപ്പുകളിൽ തലമുടി കുരുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അവിടേക്ക് വീട്ടിൽനിന്ന് 350 മീറ്റർ അകലമുണ്ട്.
അമ്മ ധന്യ പറയുന്നത്
എന്നോട് പറയാതെ മോള് എങ്ങും പോകില്ല. ശാസിച്ചാലും പിണങ്ങിയിരിക്കാറില്ല. ആറ്റിന്റെ മറുകരയിലെ ക്ഷേത്രത്തിൽ കൊണ്ടുപോയിട്ടില്ല. പുഴയിലേക്കു പോകുന്ന വഴി മോൾക്ക് അറിയില്ല. പുഴയുടെ അടുത്തേക്ക് കൊണ്ടുപോയിട്ടുമില്ല. അല്പനേരം കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്.
''കൊച്ചുമോളെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്തിയതാണ്. ഇത്രയും ദൂരം ഒറ്റയ്ക്ക് പോകാനാവില്ല. കാൽവഴുതി ആറ്റിൽ വീണേക്കാമെന്ന് പറയുന്നിടത്ത് ഇത്രയും സമയം കൊണ്ട് അവൾക്ക് എത്താനാവില്ല. അയൽ വീട്ടിൽ പോലും ഒറ്റയ്ക്ക് പോകാറില്ല.
-മോഹനൻപിള്ള, ദേവനന്ദയുടെ അപ്പൂപ്പൻ
പൊലീസ് സർജന്മാർ സന്ദർശിക്കും
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മൂന്ന് പൊലീസ് സർജന്മാർ സംയുക്തമായാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ഇവരോട് മൃതദേഹം കണ്ടെത്തിയ സ്ഥലം സന്ദർശിക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടു. സ്വാഭാവിക മുങ്ങിമരണമെന്നാണ് മൂന്ന് ഡോക്ടർമാരുടെയും അനുമാനം. ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലം വരാനുണ്ട്.