navas
കാരാളിമുക്ക് - റെയിൽവേ സ്റ്റേഷൻ റോഡ് തകർന്ന നിലയിൽ

ശാസ്താംകോട്ട: ദിവസേനെ നിരവധി യാത്രക്കാർ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷൻ - കാരാളിമുക്ക് റോഡ് നവീകരണം അനിശ്ചിതത്വത്തിൽ. റോഡിന്റെ പല ഭാഗങ്ങളും വർഷങ്ങളായി തകർന്നു കിടക്കുകയാണ്. പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് ആറു മീറ്ററോളം വീതിയിൽ നിർമ്മിച്ച റോഡിന്റെ മൂന്നു മീറ്റർ മാത്രമാണ് ടാർ ചെയ്തിട്ടുള്ളത്. റോഡിന്റെ ഇരുവശവും കാടുമൂടിയ നിലയിലാണ്. മൈനാഗപ്പള്ളി, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളിലായി സ്ഥിതി ചെയ്യുന്ന ഒരു കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് നവീകരിക്കാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.

റോഡിന്റെ വീതി കൂട്ടി ഇതു വഴി ബസ് സർവീസ് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെയും പ്രദേശവാസികളുടെയും ആവശ്യം.

15 വർഷങ്ങൾക്കു മുമ്പ് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് 6 മീറ്ററോളം വീതിയിൽ നിർമ്മിച്ച റോഡാണ് ഗതാഗതയോഗ്യമല്ലാതായത്

ജനപ്രതിനിധികൾ കൈയൊഴിയുന്നു

ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് റോഡ് നവീകരിക്കണമെങ്കിൽ മുമ്പ് അഞ്ചു മീറ്റർ വീതിയിൽ റോഡ് ടാർ ചെയ്തിരിക്കണമെന്ന പുതിയ ചട്ടമാണ് തടസ വാദമായി ജനപ്രതിനിധികൾ ഉന്നയിക്കുന്നത്. എന്നാൽ റെയിൽവേ സ്റ്റേഷൻ - കാരാളിമുക്ക് റോഡ് മൂന്ന് മീറ്റർ വീതിയിലാണ് നേരത്തേ ടാർ ചെയ്തിട്ടുള്ളത്. സംസ്ഥാന ബഡ്ജറ്റിൽ കഴിഞ്ഞ രണ്ടു തവണയും റോഡ് ഇടം പിടിച്ചിരുന്നെങ്കിലും പ്രഖ്യാപനം മാത്രമായി ഒതുങ്ങുകയായിരുന്നു.

ട്രെയിൻ യാത്രികർ ആശ്രയിക്കുന്ന റോഡ്

കൂടുതൽ ട്രെയിനുകൾക്ക് ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതോടെ റോഡിലൂടെ യാത്ര ചെയ്യുന്നവരുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. എന്നാൽ റോഡിന്റെ വീതി കൂട്ടി ഗതാഗത യോഗ്യമാക്കാൻ അധികൃതർ ഇനിയും തയ്യാറായിട്ടില്ല.

15 ലക്ഷം രൂപ

പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി റോഡിന്റെ പുനരുദ്ധാരണത്തിനായി പതിനഞ്ചു ലക്ഷം രൂപ വകയിരുത്തി ടെണ്ടർ വിളിച്ചെങ്കിലും പര്യാപ്തമായ ഫണ്ട് അനുവദിക്കാത്തതിനാൽ ടെണ്ടർ സ്വീകരിക്കാൻ കരാറുകാരാരും തയ്യാറായില്ല. രാവിലെയും വൈകിട്ടും തിരക്ക് വർദ്ധിക്കുന്നതിനാൽ വാഹനങ്ങൾക്കിടയിലൂടെയുള്ള കാൽ നടയാത്ര വളരെ പ്രയാസകരമാണെന്ന് യാത്രക്കാർ പറയുന്നു.