v
പരാതി നൽകിയ ഗൃഹനാഥനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

കൊല്ലം: ഭാര്യയെ ശല്യപ്പെടുത്തിയതിനെ കുറിച്ച് പൊലീസിൽ പരാതി നൽകിയ വിരോധത്തിൽ ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. കൊ​റ്റങ്കര മനക്കര മേലൂട്ട്കാവ് മനക്കര തൊടിയിൽ താമരാക്ഷനെ (51) കൊലപ്പെടുത്തിയ കേസിൽ കൊറ്റങ്കര വായനശാലയ്‌ക്ക് സമീപം കാവുങ്കൽ സന്തോഷിനെയാണ് (36) ശിക്ഷിച്ചത്.

കൊല്ലം അഡീഷണൽ സെഷൻസ് ജഡ്‌ജ് കെ.എൻ.സുജിത്താണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമെ അരലക്ഷം രൂപ പിഴയൊടുക്കണം. പിഴ അടച്ചില്ലെങ്കിൽ ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. കുണ്ടറ സി.ഐ ജി.ബിനു അന്വേഷണം നടത്തിയ കേസിൽ സി.ഐ എം.അനിൽകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ.പ്ലീഡർ വി.വിനോദ് ഹാജരായി.

 കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

2013 ജനുവരി ഏഴിന് വൈകിട്ട് അഞ്ചിന് കൊ​റ്റങ്കര പൂവണ്ണാവിൽ തൊടിയിൽ വെച്ചാണ് താമരാക്ഷനെ ആക്രമിച്ചത്. വഴിയിൽ നിൽക്കുകയായിരുന്ന താമരാക്ഷനെ പാറക്കല്ലുപയോഗിച്ചാണ് സന്തോഷ് മർദ്ദിച്ചത്. നിലവിളി കേട്ട് താമരാക്ഷന്റെ ഭാര്യയും കുടുംബാംഗങ്ങളും ഓടിയെത്തിയപ്പോഴാണ് സന്തോഷ് പിൻമാറിയത്. ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും താമരാക്ഷൻ മരിച്ചിരുന്നു. ഇതിന് കുറേനാൾ മുൻപ് താമരാക്ഷന്റെ ഭാര്യ വീട്ടിൽ ഒറ്റയ്‌ക്കായിരുന്ന സമയത്ത് സന്തോഷ് അവിടെയെത്തി ശല്യം ചെയ്‌തിരുന്നു. ഇത് സംബന്ധിച്ച് കുണ്ടറ പൊലീസിൽ നൽകിയ പരാതി ഒത്തുതീർപ്പ് ചർച്ചകൾക്കൊടുവിലാണ് പിൻവലിച്ചത്. പക്ഷേ പരാതി പിൻവലിക്കാൻ താമരാക്ഷന് താൽപ്പര്യം ഉണ്ടായിരുന്നില്ല. ഇതിന്റെ വിരോധത്തിൽ ആസൂത്രിതമായി കൊല നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.