minister-
നാടൻ പശു ഹബ് പദ്ധതി ഉദ്ഘാടനം ചെയ്‌ത മന്ത്രി പശുവിന് പുല്ല് നൽകുന്നു

തഴവ: സംസ്ഥാനത്ത് നാടൻ പശുക്കളുടെ എണ്ണത്തിൽ തൊണ്ണൂറ് ശതമാനത്തിലധികം കുറവുണ്ടായെന്ന് മന്ത്രി കെ.രാജു. കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെന്റ് ബോർഡ്, ഓണാട്ടുകര വികസന ഏജൻസി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഓച്ചിറയിൽ സംഘടിപ്പിച്ച നാടൻ പശു ഹബ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് പരിഹരിക്കാൻ സമഗ്ര പദ്ധതികളാണ് സർക്കാർ ആവിഷ്ക്കരിക്കുന്നത്. അത്യുൽപ്പാദന ശേഷിയുള്ള നാടൻ പശുക്കളെ കണ്ടെത്തി പ്രചരിപ്പിക്കുന്നതിനും പാലിന് അർഹമായ വില ഉറപ്പ് വരുത്തുന്നതിനും നടപടികൾ സ്വീകരിക്കും. കാലാവസ്ഥാ വ്യതിയാനം മുൻനിറുത്തിയുള്ള മൃഗ സംരക്ഷണ നയമാണ് സർക്കാർ പരിഗണനയിലുള്ളത്. കേരളത്തിന്റെ കാലാവസ്ഥ അനുദിനം മാറുകയാണ്. ഇതിനെ അതിജീവിക്കാൻ ശേഷിയുള്ള നാടൻ പശുക്കളെ വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആർ.രാമചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. സംസ്ഥാന പ്ലാനിംഗ് ബോർഡ് അഗ്രി ചീഫ് എസ്.എസ്.നാഗേഷ്, മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എം.കെ.പ്രസാദ്, ക്ഷീര വികസന വകുപ്പ് ഡയറക്ടർ എസ്.ശ്രീകുമാർ, പ്രൊഫ.എ.ശ്രീധരൻപിള്ള, പി.ബി.സത്യദേവൻ, ആർ.സോമൻ പിള്ള, പി.എസ്.സോമൻ, എൻ.സുകുമാരപിള്ള തുടങ്ങിയവർ സംസാരിച്ചു.

24 കുട്ടികൾക്ക് നാടൻ പശുക്കളെ നൽകി

തിരഞ്ഞെടുക്കപ്പെട്ട 24 വിദ്യാർത്ഥികൾക്ക് സൗജന്യമായി നാടൻ പശുക്കുട്ടികളെ മന്ത്രി സമ്മാനിച്ചു. കാലിത്തീറ്റയും തൊഴുത്ത് നിർമ്മാണത്തിനുള്ള ധനസഹായവും വിതരണം ചെയ്‌തു.