akbar
അക്ബർ ഷാ

 ഒരാൾ ഓടി രക്ഷപ്പെട്ടു

എഴുകോൺ: തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് കടത്തുന്നതിടെ ഒരാളെ എഴുകോൺ എക്സൈസ് പിടികൂടി. മറ്റൊരാൾ ഓടി രക്ഷപ്പെട്ടു. എഴുകോൺ എക്സൈസ്‌ സംഘത്തിന്റെ അതിർത്തി പട്രോളിംഗിനിടെ കുണ്ടറ ഇളമ്പള്ളൂർ ആലുംമൂട് കന്യാകുഴിയിൽ വയലിൽ പുത്തൻ വീട്ടിൽ അക്ബർ ഷായാണ് (വല്യ അൻവർ ​- 26) പിടിയിലായത്. ഇയാളിൽ നിന്ന് ഒന്നര കിലോ കഞ്ചാവ് പിടിച്ചെടുത്തു. തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് വാങ്ങി അതിർത്തിവഴി പുനലൂരിലെത്തിച്ച ശേഷം ടാക്സി കാറിൽ കൊല്ലത്തേക്ക് വരുന്നതിനിടെയാണ് അക്ബർ ഷാ പിടിയിലായത്. കൂടെ ഉണ്ടായിരുന്ന തഴുത്തല സ്വദേശി രതീഷ് എക്സൈസ് സംഘത്തിനെ വെട്ടിച്ച് രക്ഷപ്പെട്ടു. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് വിൽപ്പന ചെയ്തതിനാണ് കഞ്ചാവ് എത്തിച്ചതെന്ന് എക്സൈസ് പറഞ്ഞു.

കൊല്ലം - തിരുമംഗലം ദേശീയപാതയിൽ പുനലൂർ ഇളമ്പൽ ജംഗ്ഷന് സമീപത്തം നടന്ന വാഹന പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ജില്ലയിലെ എക്സൈസ് റേഞ്ച് സംഘങ്ങൾക്ക് ആഴ്ചയിൽ ഒരു ദിവസം അതിർത്തി പട്രോളിംഗ് ഡ്യൂട്ടിയുണ്ട്. സംഘം സ്ഥിരമായി കഞ്ചാവ് കടത്താറുണ്ടെങ്കിലും പരിശോധന കര്യക്ഷമമല്ലാത്തതിനാൽ പിടിക്കപ്പെടാതെ രക്ഷപ്പെട്ട് വരികയായിരുന്നു. എന്നാൽ എഴുകോൺ എക്സൈസ് സംഘം യാദൃശ്ചികമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

എഴുകോൺ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ.ഭാസ്കരൻ, പ്രിവന്റീവ് ഓഫീസർമാരായ ടി.വിജയൻ, ജയകുമാർ, പ്രശാന്ത് മാത്യു, സിവിൽ എക്സൈസ് ഓഫീസമാരായ സുനിൽ കുമാർ, അജികുമാർ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.