കുണ്ടറ: കഞ്ചാവ് കേസിലെ പ്രതിയെ വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ ഓടി രക്ഷപ്പെട്ടു. തമിഴ്നാട്ടിൽനിന്ന് കഞ്ചാവ് എത്തിച്ച് വിൽപ്പനയ്ക്ക് തയ്യാറെടുക്കുന്നതിനിടെ പൊലീസ് പിടിയിലായ നാലംഗസംഘത്തിലെ പുന്നവിള വീട്ടിൽ രാഹുലാണ് (22) രക്ഷപ്പെട്ടത്.
വൈദ്യപരിശോധനയ്ക്ക് വിലങ്ങ് അഴിച്ചതോടെ ആശുപത്രിക്ക് പുറത്തേക്ക് ഓടുകയായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയാണ് രണ്ട് കിലോ കഞ്ചാവുമായി രാഹുൽ, സബീർ, അഖിൽ, സരുൺ എന്നിവർ പിടിയിലായത്. ആശുപത്രിമുക്കിന് സമീപം ചെപ്പള്ളിഭാഗത്ത് ആളൊഴിഞ്ഞ വീട്ടിന്റെ സിറ്റ്ഔട്ടിൽ പൊതികളാക്കുന്നതിനിടെയാണ് പൊലീസ് വീട് വളഞ്ഞ് പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് 2.45ഓടെ കോടതിയിൽ ഹാജരാക്കുന്നതിന് വൈദ്യപരിശോധനയ്ക്ക് കാഞ്ഞിരകോട് താലൂക്ക് ആശുപത്രിയിലെത്തിച്ചു.
വിലങ്ങഴിച്ച് ഡോക്ടറുടെ കാബിനിലേക്ക് പ്രവേശിപ്പിക്കുന്നതിനിടെ രാഹുൽ പിന്നോട്ടോടി രക്ഷപ്പെടുകയായിരുന്നു. മെഡിക്കൽ പരിശോധനയ്ക്കായി കൊണ്ടുപോകുമ്പോൾ രണ്ട് പൊലീസുകാരും ഡ്രൈവറും മാത്രമാണ് പ്രതികൾക്കൊപ്പമുണ്ടായിരുന്നത്. ആശുപത്രി ക്വാർട്ടേഴ്സിനകത്തുകൂടി വിജയശ്രീ ക്ലബ്, ആൽത്തറമുകൾ, തണ്ണിക്കോട് വഴി പൊട്ടിമുക്കിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് കടന്ന പ്രതിയുടെ പിന്നാലെ പൊലീസ് എത്തിയെങ്കിലും രക്ഷപ്പെട്ടു. പള്ളിക്കമുക്ക്, കൊല്ലൂർകോണം ജയന്തി കോളനി ഭാഗത്തേക്ക് ഓടിയ പ്രതിക്കുപിന്നാലെയും പൊലീസ് എത്തിയെങ്കിലും പിടികൂടാനായില്ല. തിരുവനന്തപുരം, ഇരവിപുരം, കുണ്ടറ സ്റ്റേഷനുകളിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയാണ് രാഹുൽ.