devananda

കൊല്ലം: ദേവനന്ദ ആറ്റിനടുത്ത് എങ്ങനെയെത്തി ? പിഞ്ചോമന മണ്ണോട് ചേർന്ന് രണ്ട് രാവും പകലും പിന്നിടുമ്പോഴും ആ ചോദ്യത്തിന് ഉത്തരമില്ല. സങ്കടക്കൂരയായി മാറിയ കുടവട്ടൂരിലെ വീട്ടിലേക്ക് ഇന്നലെയും ജനം ഒഴുകിയെത്തി. അച്ഛൻ പ്രദീപിനെയും അമ്മ ധന്യയെയും ആശ്വാസവാക്കുകളാൽ ചേർത്തു നിറുത്തുമ്പോഴും നെഞ്ചിൽ കനലായി സംശയങ്ങൾ പൊള്ളുന്നു.

പൊലീസ് ഇന്നലെ നൂറിലേറെ പേരുടെ മൊഴിയെടുത്തു. വീട്ടിലെ ഹാളിൽ കുഞ്ഞനുജനൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി വാതിൽതുറന്ന് ഇത്രദൂരം പിന്നിട്ട് പുഴയിലേക്ക് വീഴണമെങ്കിൽ അതിന് പിന്നിലൊരു ബാഹ്യശക്തിയുണ്ടെന്ന് വീട്ടുകാരും നാട്ടുകാരും ഉറപ്പിച്ചു പറയുന്നു. സാഹചര്യത്തെളിവുകളും പോസ്റ്റ്മോർട്ടം പ്രാഥമിക നിഗമനവും ദുരൂഹത നീക്കുന്നതാണെന്നാണ് പൊലീസ് പറയുന്നത്. ഏകപക്ഷീയമായ തീരുമാനം വേണ്ടെന്ന കർശന നിർദ്ദേശമുള്ളതിനാൽ ബന്ധുക്കൾക്കും നാട്ടുകാർക്കും പറയാനുള്ളത് കൃത്യമായി അന്വേഷണസംഘം രേഖപ്പെടുത്തുന്നുണ്ട്.

ഫോറൻസിക് വിദഗ്ദ്ധർ എത്തും

അമ്മയുടെ ഷാൾ കുട്ടിയുടെ മൃതദേഹത്തിനടുത്ത് ഉണ്ടായിരുന്നതിനെ ചുറ്റിപ്പറ്റിയുണ്ടായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയപ്പോൾ ബന്ധുക്കൾ തന്നെയാണ് ഷാളിന്റെ കാര്യം പൊലീസിനെ അറിയിച്ചതും പിന്നീട് കണ്ടെത്തിയതും. പോസ്റ്റ് മോർട്ടം നടത്തിയ ഡോക്ടർമാരും ഫോറൻസിക് വിദഗ്ദ്ധരും ദേവനന്ദ മരിച്ചുകിടന്ന പുഴയും പരിസരങ്ങളും കാണാൻ നാളെയെത്തും. കുട്ടി പുഴയിലേക്ക് വീഴാനും വീണാൽ സംഭവിക്കാവുന്നതും വിലയിരുത്തും. ബാഹ്യശക്തിയുടെ സാന്നിദ്ധ്യമുണ്ടെങ്കിൽ ബോദ്ധ്യപ്പെടുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.