amma-

തൃശൂർ: പൈങ്കുളം പടിഞ്ഞാട്ടുമുറി പാടത്ത് വിളഞ്ഞ നെല്ല് കൊയ്തുകൂട്ടുമ്പോൾ രഞ്ജിത്തിന്റെ ഉറ്റ ചാങ്ങാതിമാരുടെ കണ്ണുകളിൽ നനവു പൊടിഞ്ഞു. വിതയ്ക്കാനിരുന്ന വിത്തും സ്വപ്നങ്ങളും ബാക്കിയാക്കി രഞ്ജിത്ത് പോയപ്പോൾ വിങ്ങിപ്പൊട്ടിയ സുരേഷും രതീഷും ദിലീപും ആ ഓർമ്മകൾക്കുമേൽ പാകിയ വിത്താണ് ആയിരം മേനിയായി വിളഞ്ഞത്. രഞ്ജിത്തിന്റെ അച്ഛനും അമ്മയും മൂന്ന് കൂട്ടുകാരും തൊഴിലാളികളും ചേർന്ന് ആറ് ഏക്കറിൽ കൊയ്തെടുത്തത് 17 ടൺ നെല്ല്.

വടക്കാഞ്ചേരി കുമരനെല്ലൂർ കാർമ്മൽ വീട്ടിൽ രഞ്ജിത്തും കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡ് ജീവനക്കാരനായ സുരേഷും ഷെയർ മാർക്കറ്റ് രംഗത്തുള്ള രതീഷും സ്വകാര്യ കോളേജ് അദ്ധ്യാപകൻ ദിലീപും ആത്മമിത്രങ്ങളായിരുന്നു. കഴിഞ്ഞ മാർച്ചിൽ ഹൃദയാഘാതമാണ് കൃഷിയെ സ്‌നേഹിച്ചിരുന്ന രഞ്ജിത്തിന്റെ (38) ജീവനെടുത്തത്. ആ കൂട്ടുകാരനു നൽകുന്ന ആദരാഞ്ജലിയും ബലിതർപ്പണവുമായി മാറുകയായിരുന്നു നെൽക്കൃഷി. നെല്ലിന്റെ ഭൂരിഭാഗവും സപ്ളൈകോയ്ക്ക് നൽകും. ബാക്കി പാട്ടക്കടം വീട്ടാനെടുക്കും. പാട്ടത്തിനെടുത്ത പാടത്താണ് വിത്തിറക്കിയത്.

വടക്കാഞ്ചേരി വ്യാസ കോളേജിലെ ബിരുദ വിദ്യാർത്ഥികളായിരുന്നു നാല് പേരും. കൂട്ടുകാരുടെ കൃഷിക്ക് രഞ്ജിത്തിന്റെ അച്ഛൻ റിട്ട. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ വീരഹരിജ ബാബുവും അമ്മ ഇന്ദിരയും എല്ലാ പിന്തുണയും നൽകി. അവധിദിനങ്ങളിൽ അവരെല്ലാം പാടത്തെത്തി. രഞ്ജിത്തിന് കൃഷി അറിവുകൾ പകർന്ന രാമൻകുട്ടി എന്ന കുട്ടന്റെയും വിനയന്റെയും സഹായത്തോടെയാണ് ഞാറ് നട്ടത്. കോളേജിലെ പൂർവവിദ്യാർത്ഥി കൂട്ടായ്മ സാമ്പത്തിക സഹായം നൽകി. കൃഷിയിറക്കുന്ന കൂട്ടുകാരുടെ വാർത്ത കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. അത് വായിച്ച ചിലരുടെ സഹായവും എത്തി.


കൃഷി ആനന്ദമാക്കിയ രഞ്ജിത്ത്

കൂട്ടുകാർ മത്തായി എന്ന ഓമനപ്പേരിൽ വിളിക്കുന്ന രഞ്ജിത്ത് ബിരുദ പഠനശേഷം ഷെയർ മാർക്കറ്റിംഗ് തൊഴിലാക്കിയെങ്കിലും കൃഷിയിലായിരുന്നു ആനന്ദം. ആറ് ഏക്കർ പാടം പാട്ടത്തിനെടുത്ത് മുഴുവൻ സമയ കർഷകനായി. സഹോദരിമാരായ സുപർണയും (നൃത്താദ്ധ്യാപിക) അപർണയും (ലൈബ്രേറിയൻ) ഒപ്പം നിന്നു. കൂട്ടുകാർക്കും കൃഷിയോട് അഭിനിവേശമായി.


'കഴിഞ്ഞ മാർച്ച് 12നാണ് രഞ്ജിത്ത് ഞങ്ങളെ വിട്ടുപോയത്. നെല്ല് വിറ്റ പണം കൊണ്ട് ഒന്നാം ചരമവാർഷികത്തിന് ചില കാര്യങ്ങൾ ചെയ്യാനുണ്ട്. അത് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. അത് കൂട്ടുകാരനുളള ഞങ്ങളുടെ സമർപ്പണമാകും".

-സുരേഷ്