തൃശൂർ : കെ.പി.സി.സി ലിസ്റ്റിലെ അനിശ്ചിതത്വത്തിന് പിന്നാലെ ഒഴിവുള്ള ഡി.സി.സി പ്രസിഡന്റ് സീറ്റിലേക്കുള്ള പ്രഖ്യാപനവും നീളുന്നു. കെ.പി.സി.സി ഭാരവാഹികളുടെ പട്ടികയ്ക്കൊപ്പം ഡി.സി.സി പ്രസിഡന്റിന്റെ പ്രഖ്യാപനം വരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ കെ.പി.സി.സി പട്ടികയിൽ മലക്കം മറിച്ചിലുണ്ടായതോടെ ഡി.സി.സി തീരുമാനം മാറ്റി വയ്ക്കുകയായിരുന്നു. മുൻ എം.എൽ.എ എം.പി വിൻസെന്റ് തന്നെയായിരിക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് വരികയെന്ന് പറയുന്നുണ്ടെങ്കിലും കെ.പി.സി.സി ലിസ്റ്റിലെ തകിടം മറിച്ചിലുകൾ ഡി.സി.സിയെയും ബാധിക്കുമോയെന്ന സംശയവും ഉണ്ട്. ഡി.സി.സി പ്രസിഡന്റ് ആയിരുന്ന ടി.എൻ പ്രതാപൻ എം.പിയായതോടെ സ്ഥാനം രാജിവച്ചെങ്കിലും മറ്റൊരാളെ പ്രഖ്യാപിക്കുന്നത് വരെ പദവിയിൽ തുടരാൻ കെ.പി.സി.സി നിർദ്ദേശിക്കുകയായിരുന്നു.

എന്നാൽ ഡി.സി.സി പ്രസിഡന്റിനെ പ്രഖ്യാപിക്കാത്തതിനെതിരെ പാർട്ടിക്കുള്ളിൽ വ്യാപക പ്രതിഷേധമാണ് ഉള്ളത്. ജില്ലയിൽ നിന്നുള്ള ഏക എം.എൽ.എയായ അനിൽ അക്കര ഉൾപ്പെടെയുള്ളവർ ഇതിനെതിരെ പരസ്യമായി രംഗത്ത് വന്നു. അതേസമയം ഹൈക്കമാൻഡിന് മുന്നിൽ കെ.പി.സി.സി നൽകിയിട്ടുള്ള ജില്ലയിൽ നിന്നുള്ളവരുടെ ലിസ്റ്റിൽ പലരും ഒഴിവാക്കപ്പെടാൻ സാദ്ധ്യത ഉള്ളതിനാൽ സ്ഥാനം ഉറപ്പിക്കാനുള്ള നെട്ടോട്ടവുമുണ്ട്. കെ.പി.സി.സി ആദ്യപട്ടികയിൽ ഒ. അബ്ദു റഹിമാൻകുട്ടി, പത്മജ വേണുഗോപാൽ, കെ.കെ കൊച്ചുമുഹമ്മദ് എന്നിവർക്ക് മാത്രമാണ് ഇടം ലഭിച്ചത്. ഇനിയും സ്ഥാന മോഹികളുടെ നീണ്ട നിര തന്നെയുണ്ട്.