എരുമപ്പെട്ടി: ഒഴിവുദിനങ്ങൾ ഉപയോഗപ്പെടുത്തി പച്ചക്കറി കൃഷിയിൽ വിജയം കൈവരിച്ച കെ.എസ്.ആർ.ടി.സി ബസ് കണ്ടക്ടർ ശ്രദ്ധേയനാകുന്നു. വേലൂർ പുലിയന്നൂർ സ്വദേശി സന്തോഷാണ് ഈ മാതൃകാ കർഷകൻ. 13 വർഷമായി കെ.എസ്.ആർ.ടി.സിയിൽ കണ്ടക്ടറായി ജോലി ചെയ്ത് വരികയാണ് സന്തോഷ്.
ഒഴിവ് ദിവസങ്ങളിലെ വിരസതയകറ്റാനാണ് പച്ചക്കറി കൃഷിയിലേക്ക് പ്രവേശിച്ചത്. നേരമ്പോക്കിനായി തുടങ്ങിയ കൃഷി ഇപ്പോൾ ജീവിതത്തിന് വലിയ മുതൽ കൂട്ടായി മാറിയിരിക്കുന്നു. ലാഭകരമായതോടെ കൃഷി വീട്ടുതൊടിയിൽ നിന്ന് രണ്ടരയേക്കർ വരുന്ന പാടശേഖരത്തിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. ചെങ്ങഴിക്കോടൻ നേന്ത്രവാഴകളും കദളി വാഴകളും കുമ്പളം,ചീര, വെള്ളരി തുടങ്ങിയ പച്ചക്കറികളും സന്തോഷിന്റെ തോട്ടത്തിലുണ്ട്.
ഓണം, വിഷു കാലങ്ങളിൽ വിളവെടുപ്പ് നടത്താവുന്ന തരത്തിലാണ് കൃഷിയിറക്കാറുള്ളത്. വെള്ളാറ്റഞ്ഞുർ, തണ്ടിലം പ്രദേശങ്ങളിലെ പച്ചക്കറി കടകളിലും, സഹകരണ ഗ്രാമചന്തകളിലുമാണ് അധികവും വില്പന നടത്തുന്നത്. ജോലിയുള്ള ദിവസങ്ങളിൽ അമ്മയും സഹോദരിമാരും സുഹൃത്തുക്കളും സഹായിക്കും. തൊഴിൽ മേഖലകളിലെ പ്രതിസന്ധി മറികടക്കാൻ കൃഷി നല്ല ഉപാദിയാണെന്നും മണ്ണിൽ പണിയെടുക്കാൻ തയ്യാറായാൽ ജീവിതത്തിൽ നിവർന്ന് നിൽക്കാൻ കഴിയുമെന്നും സന്തോഷ് സാക്ഷ്യപ്പെടുത്തുന്നു.