അന്തിക്കാട്: തീരദേശ മേഖലയിലെ നൂറ് കണക്കിന് കുടുംബങ്ങൾ ദാഹജലത്തിനായി നെട്ടോട്ടം ഓടുന്നു. പൊതുടാപ്പിൽ നിന്ന് ഉപ്പുവെള്ളം കുടിച്ച നിരവധി പേർക്ക് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടിരുന്നു. രണ്ടാഴ്ചയിലേറെയായി മേഖലയിലെ പൊതു ടാപ്പുകളിൽ നിന്ന് ലഭിക്കുന്നതും ഉപ്പുവെള്ളമാണ്. കനോലി കനാൽ അടുത്തായതിനാൽ പ്രദേശത്തെ കിണറുകളിലും ഉപ്പുവെള്ളമാണ്. ഇതു മൂലം മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങളാണ് പൊതു ടാപ്പുകളെ ആശ്രയിക്കുന്നത്. എന്നാൽ പൈപ്പുവെള്ളത്തിൽ മാലിന്യം കലർന്നതോടെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണ്. കിലോമീറ്ററുകൾ സഞ്ചരിച്ച് വാഹനങ്ങളിൽ കുടിവെള്ളം കൊണ്ടുവരേണ്ട ഗതികേടിലാണ് തീരദേശവാസികൾ. മുറ്റിച്ചൂർ ഉൾപ്പെടെയുള്ള തീരദേശ മേഖലയിലാണ് രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്നത്. കരുവന്നൂരിൽ നിന്നാണ് ഇവിടേക്ക് കുടിവെള്ളമെത്തുന്നത്. പ്രധാന പൈപ്പ് തകർന്ന് കനോലി പുഴയിൽ നിന്നും ഉപ്പുവെള്ളം കയറിയതാണ് പ്രശ്നത്തിനു കാരണം. നിരവധി സ്ഥലങ്ങളിൽ പൈപ്പ് പൊട്ടിയതിനെ തുടർന്ന് മാലിന്യങ്ങളും കുടിവെള്ളത്തിൽ കലർന്നിട്ടുണ്ട്. പല പ്രാവശ്യം ഇതുസംബന്ധിച്ച് രേഖാമൂലം പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. ജലസേചന വകുപ്പും ഇറിഗേഷൻ അധികൃതരും പരസ്പരം പഴിചാരി രക്ഷപ്പെടുകയാണ്. പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.