raambo
റാംബോ

മാള: പുത്തൻചിറയിൽ നിന്ന് കഞ്ചാവും എൽ.എസ്.ഡി സ്റ്റാമ്പുകളും ലഹരി ഗുളികകളും എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ പുത്തൻചിറ വാതുക്കാടൻ റാംബോയെ (22) മാള എക്സൈസ് സബ് ഇൻസ്പെക്ടർ വി. കോമളൻ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ആറ് എൽ.എസ്.ഡി സ്റ്റാമ്പുകളും നാല് എം.ഡി.എം.എ ഗുളികകളും 25 ഗ്രാം കഞ്ചാവും വലിക്കാൻ ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും പിടികൂടി. മിഠായിയുടെ പ്ലാസ്റ്റിക് കൂടിൽ ഗുളികകൾ സൂക്ഷിച്ചിരുന്നു. ബംഗളുരുവിൽ നിന്നാണ് ലഹരി വസ്തുക്കൾ ലഭിക്കുന്നതെന്നാണ് സൂചന. ലഹരി വസ്തുക്കൾ കൊണ്ടുവരുന്നവരെ കുറിച്ചുള്ള സൂചനകളും ഇയാളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ലഹരി വസ്തുക്കൾ കച്ചവടം നടത്തുന്നതിന് പുറമെ സ്വന്തമായും വൻതോതിൽ ഉപയോഗിക്കുന്നയാളാണ് റാംബോയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. വീടിന് സമീപത്ത് കവറിൽ സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കളും ഉപകരണങ്ങളുമാണ് പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ എം.കെ കൃഷ്ണൻ, ജോഷി ചക്കാലക്കൽ, പി.ബി ബിനോയ്, സി.ഇ.ഒമാരായ ഇ.കെ സാബു, സി.കെ ചന്ദ്രൻ, എം.ആർ ഉണ്ണിക്കൃഷ്ണൻ, കെ.വി എൽദോ, കെ.വി ജിനേഷ്, സി.എൻ സിജി എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.