കല്ലൂർ: മുട്ടിത്തടിയിൽ റബർ തോട്ടത്തിൽ മേഞ്ഞുനടന്ന പോത്ത് പന്നിപ്പടക്കം കടിച്ച് തല തകർന്ന സംഭവത്തിൽ വരന്തരപ്പിള്ളി പൊലീസ് കേസെടുത്തു. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. സ്‌ഫോടനം നടന്നതായി രഹസ്യവിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പോത്തിനെ ഉടമയുടെ നേതൃത്വത്തിൽ കശാപ്പു ചെയ്ത് മാംസം വിൽപ്പന നടത്തി, അവശിഷ്ടങ്ങൾ നീക്കം ചെയ്തിരുന്നു.
തെളിവുകൾ നശിപ്പിച്ചത് മനസിലാക്കിയ പൊലീസ് പോത്തിന്റെ ഉടമയോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടു. തനിക്ക് പരാതി ഇല്ലെന്ന് ഉടമ സ്ഥലത്തെത്തിയ പൊലീസുകാരനെ അറിയിച്ചെങ്കിലും, സ്റ്റേഷനിൽ എത്താൻ നിർദ്ദേശം നൽകി. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് ശനിയാഴ്ച ഉടമ സ്റ്റേഷനിലെത്തി പരാതി നൽകി. പരിക്ക് പറ്റിയ പോത്തിനെ വെറ്ററിനറി സർജനെ കാട്ടി ചികിത്സ നൽകാതിരിക്കുകയും, സ്‌ഫോടനത്തിന്റെ തെളിവുകൾ നശിപ്പിക്കുകയും ചെയ്തത് ദുരൂഹമാണെന്ന് പൊലീസ് പറഞ്ഞു. റബർ വ്യാപാരവുമായി ബന്ധപെട്ട സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്‌ഫോടനം നടന്ന റബർ എസ്റ്റേറ്റ്. യഥാസമയം പരാതി നൽകാതിരിക്കുകയും, തെളിവുകൾ നശിപ്പിക്കുകയും ചെയ്തിട്ട് കേസെടുക്കാൻ മടി കാട്ടുന്നതായി പ്രചരണം നടത്തിയതിനെ കുറിച്ചും പൊലീസ് അന്വേഷണം നടത്തും