കോണത്തുകുന്ന് : രാജ്യത്ത് പരിസ്ഥിതി നിയമങ്ങൾ ശക്തമായി നടപ്പാക്കുന്നില്ലെന്നും അധികാരികൾക്ക് കൈക്കൂലി കൊടുത്ത് നിയമങ്ങളെ മറികടക്കുകയാണെന്നും പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ പറഞ്ഞു. സാലിം അലി ഫൗണ്ടേഷൻ വെള്ളാങ്കല്ലൂരിൽ നടത്തിയ സുസ്ഥിര വികസനം കാലഘട്ടത്തിന്റെ ആവശ്യം എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സുസ്ഥിര വികസനത്തിന് ചരിത്ര പ്രാധാന്യമുണ്ട്. ഗാന്ധിയൻ ചിന്തകളുടെ ഭാഗമാണത്. പ്രളയവും ഉരുൾ പൊട്ടലും അടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ സംസ്ഥാനത്ത് ഇനിയും എപ്പോഴും ഉണ്ടാകാം. ദുരന്തങ്ങളുടെ ആഘാതം കുറക്കാൻ സർക്കാരും ജനങ്ങളും ഒത്തൊരുമിച്ച് ശ്രമിച്ചാൽ സാധിക്കും. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ നടപ്പാക്കിയിരുന്നെങ്കിൽ നമ്മൾ അനുഭവിച്ച പ്രകൃതി ദുരന്തത്തിന്റെ ആഘാതം കുറയുമായിരുന്നു. ഗാഡ്ഗിൽ റിപ്പോർട്ട് കർഷക വിരുദ്ധമാണെന്ന തെറ്റായ പ്രചാരണമാണ് നടന്നത്. കർഷക വിരുദ്ധമായ കാര്യങ്ങളൊന്നും റിപ്പോർട്ടിൽ ഇല്ല. കർഷകർക്ക് ഗുണപ്രദമായ ഒട്ടേറെ കാര്യങ്ങൾ ഉള്ള റിപ്പോർട്ട് ഇപ്പോഴും പ്രസക്തമാണ്. ജൈവ വൈവിദ്ധ്യ പരിപാലനം താഴെത്തട്ടിൽ നിന്ന് ഗ്രാമ സഭകൾ വഴി നടപ്പാക്കണം. ആഗോള താപനത്തെ കുറയ്ക്കാൻ ജൈവ കൃഷിക്ക് സാധിക്കുമെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു.