കൊടുങ്ങല്ലൂർ: കോട്ടപ്പുറം മാർക്കറ്റിലെ കയറ്റിറക്ക് ജോലിയിൽ ഇന്നലെ മുതൽ വനിതാ പ്രാതിനിധ്യമായി. ആശ്രിത നിയമന പ്രകാരമെത്തിയ റംലത്ത് എന്ന വീട്ടമ്മയാണ് ചുമട്ട് തൊഴിലാളിയായി കോട്ടപ്പുറം മാർക്കറ്റിലെത്തിയത്. കോട്ടപ്പുറം മേനക തിയറ്ററിനരികിൽ താമസിക്കുന്ന കാടാപറമ്പത്ത് സഹീറിന്റെ ഭാര്യയാണ് റംലത്ത് എന്ന 43കാരി. ഇന്നലെ മുതൽ ഇവർ ജോലിക്കിറങ്ങി. ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡിനു കീഴിൽ തൊഴിൽ ചെയ്തിരുന്ന റംലത്തിന്റെ ഭർത്താവ് സഹീർ അഞ്ച് വർഷം മുമ്പുണ്ടായ പക്ഷാഘാതത്തെ തുടർന്ന് തൊഴിൽ രംഗത്ത് നിന്നും പിന്മാറി. ഇതോടെ അഞ്ച് മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം പ്രതിസന്ധിയിലായി. റംലത്ത് ജോലിക്കായി ദുബായിലേക്ക് പോയെങ്കിലും ഒന്നര വർഷമേ അവിടെ തുടരാനായുള്ളൂ. തിരികെയെത്തി ബജിക്കട നടത്തിയെങ്കിലും കാര്യമായ വരുമാനം ഉണ്ടാക്കാനായില്ല. തുടർന്നാണ് ചുമട്ടുതൊഴിലാളിയായത്. 46 തൊഴിലാളികളാണ് ഇവിടെ കയറ്റിറക്ക് ജോലിക്കായുള്ളത്.
എല്ലാം പരിചയക്കാരായതിനാൽ ആശങ്കയൊന്നുമില്ല
റംലത്ത്
റംലത്തിന് പ്രത്യേക പരിഗണന നൽകും. തത്കാലം പൂൾ ഓഫീസിലിരുത്താനാണ് തീരുമാനം
പി.ഒ പോളി
പൂൾ ലീഡർ