കൊടുങ്ങല്ലൂർ: പൗരത്വ ബില്ലിനെതിരായും അനുകൂലമായും നടത്തുന്ന പ്രകടനങ്ങളും പ്രതിഷേധങ്ങളും കൊടുങ്ങല്ലൂരിന്റെ സമാധാന അന്തരീക്ഷം തകർക്കാനുള്ള വേദിയാക്കരുതെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കാനും ന്യായീകരിക്കാനും ജനാധിപത്യ രാഷ്ട്രത്തിൽ രാഷ്ട്രീയ പാർട്ടികൾക്കും ജനങ്ങൾക്കും അവകാശമുണ്ട്. എസ്.ഡി.പി.ഐ പോലുള്ള ശക്തികൾ നിർബന്ധിച്ച് വ്യാപാര സ്ഥാപനം അടപ്പിച്ചതും സംഘപരിവാർ ശക്തികൾ തുറപ്പിക്കാൻ ശ്രമിച്ചതും കടകൾക്ക് നേരെ കല്ലെറിഞ്ഞതുമെല്ലാം ജനാധിപത്യവിരുദ്ധവും അപലപനീയവുമായ കാര്യങ്ങളാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊടുങ്ങല്ലൂരിൽ ഒട്ടനവധി പ്രതിഷേധ സമരങ്ങളും വിശദീകരണ യോഗങ്ങളും നടന്നത് സഹിഷ്ണുതയോടെയാണ് ജനം വീക്ഷിച്ചതെന്നും കോൺഗ്രസ് പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പ്രൊഫ: സി.ജി ചെന്താമരാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ടി.എം നാസർ, അഡ്വ. വി.എം മൊഹിയുദ്ദീൻ, പ്രൊഫ. കെ.കെ രവി, വേണു വെണ്ണറ, കെ.പി സുനിൽകുമാർ, ഇ.എസ് സാബു, പി.യു സുരേഷ് കുമാർ, ഡിൽഷൻ കൊട്ടെക്കാട്, വി.എം ജോണി എന്നിവർ പ്രസംഗിച്ചു.