ചാലക്കുടി: പനമ്പിള്ളി ഗവ. കോളേജിലെ ഇന്റോർ സ്റ്റേഡിയത്തിന്റെ അടിസ്ഥാന വികസനത്തിന് നടപടി സ്വീകരിച്ചതായി ബി.ഡി. ദേവസ്സി എം.എൽ.എ അറിയിച്ചു. ഫയർ ആൻഡ് സേഫ്റ്റി സംവിധാനം, വൈദ്യുതി, കോർട്ട് നിർമ്മാണം, വുഡൺ ഫ്‌ളോറിംഗ് എന്നീ പ്രവൃത്തികൾ പൂർത്തീകരിക്കാനാണ് തീരുമാനിച്ചത്.

എം.എൽ.എയുടെ ട്രഷറി നിക്ഷേപ സമാഹരണ പദ്ധതിയുടെ ഭാഗമായി മൂന്നര കോടി രൂപ ചെലവിലാണ് പനമ്പിള്ളി ഗവ. കോളേജിൽ ഇന്റോർ സ്റ്റേഡിയം നിർമ്മിച്ചത്. എന്നാൽ ഫണ്ടിന്റെ അപര്യാപ്തത മൂലം നിർമ്മാണം പൂർത്തീകരിക്കാനായില്ല. ഈ സാഹചര്യത്തിലാണ് മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 157 ലക്ഷം രൂപയുടെ നവീകരണ പ്രവൃത്തികൾക്ക് അനുമതി നൽകിയത്. ഇതിനായി സംസ്ഥാന കായിക ഡയറക്ടറേറ്റിൽ നിന്നും ചീഫ് എൻജിനിയർ മുഖേന സമർപ്പിച്ച എസ്റ്റിമേറ്റിന് ധനകാര്യ വകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചു. പനമ്പിള്ളി ഗവ.കോളേജ് ഇന്റോർ സ്റ്റേഡിയം, ചാലക്കുടിയിലെ ഇന്റോർ സ്റ്റേഡിയം എന്നിവയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ ചാലക്കുടിയിൽ കായികമേഖലക്ക് പുത്തൻ ഉണർവ് ഉണ്ടാകുമെന്ന് എം.എൽ.എ പ്രത്യാശ പ്രകടിപ്പിച്ചു.