വാടാനപ്പള്ളി: പൂരം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന ഇടഞ്ഞു. ഓട്ടോയും പെട്ടിക്കടയും തകർത്തു. വാടാനപ്പിള്ളി ഭഗവതി ക്ഷേത്രത്തിലെ അശ്വതി ഭരണി ഉത്സവത്തിലെ പകൽപ്പൂരം എഴുന്നള്ളിപ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന നടുവിൽക്കര പടന്ന മഹാ സഭ എഴുന്നള്ളിച്ച ചെത്തല്ലൂർ മുരളീധരൻ എന്ന ആനയാണ് ഇടഞ്ഞത്. ഇന്നലെ വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. തൃശൂർ റോഡിൽ നിന്നും നടുവിൽക്കരയിലേയ്ക്ക് തിരിയുന്നിടത്തായിരുന്നു കൊമ്പൻ ഇടഞ്ഞത്. ഇടഞ്ഞ ആന റോഡരികിൽ പാർക്ക് ചെയ്ത ഓട്ടോയും സമീപത്തെ പെട്ടിക്കടയും തകർക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ആളുകൾ ഈ സമയം ചിതറി ഓടി. തുടർന്ന് മുന്നോട്ട് നീങ്ങിയ കൊമ്പനെ പാപ്പാന്മാർ അടുത്ത പറമ്പിൽ തളച്ചു. ഇതിനിടെ എലിഫെന്റ് സ്ക്വാഡും സ്ഥലത്തെത്തി. ആനയ്ക്ക് മുന്നിൽ കുത്തുവിളക്ക് പിടിച്ച് നടന്നിരുന്നയാൾ പെട്ടെന്ന് നിന്നതോടെ മുന്നോട്ട് നീങ്ങാനാകാതെയാണ് ആന ഇടഞ്ഞതെന്ന് നാട്ടുകാർ പറയുന്നു.