കൊടുങ്ങല്ലൂർ: ജില്ലാ ലേബർ ഓഫീസർ പരിഷ്കരിച്ച് നിശ്ചയിച്ച കൂലി ലഭിക്കാത്ത പക്ഷം പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് കോട്ടപ്പുറം ക്ഷേമ ബോർഡിന്റെ കീഴിൽ കോതപറമ്പിൽ പ്രവർത്തിച്ചു വരുന്ന റേഷൻ ഗോഡൗണിലെ തൊഴിലാളികളുടെ യോഗം തീരുമാനിച്ചു. ക്ഷേമ ബോർഡ് - സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരും കരാറുകാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി സമീപ പ്രദേശത്തെ ഗോഡൗണുകളിലേക്കാൾ പകുതി കയറ്റിറക്ക് കൂലി മാത്രമാണ് നൽകുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്കിലേക്ക് നീങ്ങാൻ നിർബന്ധിതമായതെന്ന് കെ.ബി ജയശങ്കറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം വ്യക്തമാക്കി. മേഖലാ സെക്രട്ടറി എ.എസ് രാധാകൃഷ്ണൻ, പി.ടി ഉണ്ണികൃഷ്ണൻ, കെ.പി രാജീവൻ, കെ.എ സുകുമാരൻ, പി.കെ ഉണ്ണികൃഷ്ണൻ, കെ.എൻ പ്രസാദ് എന്നിവർ സംസാരിച്ചു.