തൃശൂർ: പെരിങ്ങാവിൽ 33 കെ.വി വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ കരാർ തൊഴിലാളി അത്ഭൂതകരമായി രക്ഷപ്പെട്ടു. ഷോക്കേറ്റ തൊഴിലാളി വൈദ്യുതി തൂണിൽ കുടുങ്ങി. കോർപറേഷൻ വൈദ്യുതി വിഭാഗത്തിലെ കരാർ തൊഴിലാളി കേച്ചേരി എരനെല്ലൂർ തെക്കന്റെ വളപ്പിൽ ഷാജുവാണ് (42) അപകടത്തിൽപെട്ടത്. ഷോക്കേറ്റ് അബോധാവസ്ഥയിൽ തെറിച്ചെങ്കിലും സുരക്ഷാ ബെൽറ്റ് ഇട്ടിരുന്നതിനാൽ താഴെ വീണില്ല. കസേരയിൽ ഇരുത്തി താഴെ ഇറക്കും വിധം പ്രത്യേക കുരുക്കിട്ടാണ് (ചെയർ നോട്ട്) അഗ്‌നിരക്ഷാ സേനാംഗങ്ങൾ ഷാജുവിനെ ഇറക്കിയത്. കൈയ്ക്കും നെഞ്ചിലും പൊള്ളലേറ്റ ഷാജുവിനെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് ശതമാനം മാത്രമേ പൊള്ളലേറ്റിട്ടുള്ളൂവെന്നും പരിക്കുകൾ നിസാരമാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു. വൈദ്യുതി കാലുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനിടയിൽ ലൈൻ മാറ്റിക്കൊടുക്കുന്നതിനിടയിലായിരുന്നു അപകടം. ട്രാൻസ്‌ഫോർമറിൽ നിന്നുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നില്ലെന്ന് പറയുന്നു. വയറിലും കാലിലുമാണ് ഷാജുവിന് പൊള്ളലേറ്റത്. ഇതിനിടെ ഉയർന്ന ഉദ്യോഗസ്ഥർ സ്ഥലത്തില്ലായിരുന്നുവെന്നും ആക്ഷേപമുണ്ട്.