cpm

വാടാനപ്പിള്ളി: സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെയും ഭാര്യയെയും വീടുകയറി ആക്രമിച്ച സംഭവത്തിൽ രണ്ട് സി.പി.എം പ്രവർത്തകരെ വാടാനപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വാക്കാട്ട് വീട്ടിൽ നിഖിൽ, അയ്യാണ്ടി വീട്ടിൽ മഹേഷ് എന്നിവരാണ് പിടിയിലായത്. സി.പി.എം ആൽമാവ് ബ്രാഞ്ച് സെക്രട്ടറി കൂളത്ത് വീട്ടിൽ സതീഷ്, ഭാര്യ സജി എന്നിവരെ വീട്ടിൽ കയറി ആക്രമിച്ച കേസിലാണ് അറസ്റ്റുണ്ടായത്. സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി തിരുനാൾ ആഘോഷത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ രാത്രി പന്ത്രണ്ടരയോടെയാണ് പിന്തുടർന്നെത്തിയ സംഘത്തിന്റെ ആക്രമണം ഉണ്ടായത്. രക്ഷപ്പെടാൻ സതീഷ് വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും സംഘം ആക്രമണം തുടർന്നു. തടയാൻ ശ്രമിക്കുന്നതിനിടെ ഭാര്യ സജിക്കും മർദ്ദനമേറ്റു. ആറ് സി.പി.എം പ്രവർത്തകർക്കെതിരെ കഴിഞ്ഞദിവസം പൊലീസ് കേസെടുത്തിരുന്നു. സി.പി.എമ്മിലെ തമ്മിലടിയാണ് അക്രമത്തിന് പിറകിലെന്ന് പറയുന്നു.