ആർക്കും നാശനഷ്ടങ്ങളില്ല

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തിന് കൊണ്ടുവന്ന ആനകളിലൊന്ന് ഇടഞ്ഞത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. ഇന്നലെ പുലർച്ചെ ക്ഷേത്രത്തിലെ ആറാട്ടുചടങ്ങുകൾ കഴിഞ്ഞ് ആനകളെ തിരികെ കൊണ്ട് പോകുന്നതിനിടെ കൂട്ടത്തിലൊരാന ചിന്നം വിളിച്ചതുകേട്ട് പരിഭ്രാന്തനായി ഓടിയ ഉഴവൂർ വെട്ടുകല്ലേൽ കണ്ണൻ എന്ന ആനയാണ് മണിക്കൂറുകളോളം നാടിനെ മുൾമുനയിൽ നിറുത്തിയത്. ക്ഷേത്ര പരിസരത്തുനിന്നും വിരണ്ട് ഓടിയ ആന ചന്തക്കുന്ന് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കൊടുങ്ങല്ലൂർ റോഡിലേക്ക് കയറി നടവരമ്പ് നിന്ന് തിരിഞ്ഞ് കല്ലംകുന്ന് , വൈക്കിലച്ചിറ ,കൊറ്റനല്ലൂർ ആക്കംപിള്ളി പൊക്കം വഴി ഊടുവഴികളിലൂടെ ഓടി. ആനയെ തളയ്ക്കാനുള്ള ശ്രമവുമായി പാപ്പാന്മാരും സമാജം കമ്മിറ്റി അംഗങ്ങളും നാട്ടുകാരും ഈസമയം പിറകെയുണ്ടായിരുന്നു. കയറിട്ട് തളയ്ക്കാൻ പലതവണ പാപ്പാന്മാർ ശ്രമിച്ചെങ്കിലും തിരിഞ്ഞുനിന്ന ആന ഏവരെയും വിരട്ടിയോടിച്ചു. 8.45 ഓടെ തുമ്പൂർ പള്ളിക്ക് സമീപം ഒഴിഞ്ഞ പറമ്പിലേക്ക് ആന ഓടിക്കയറി.

ഇതിനിടയിൽ വിവരം അറിയിച്ചതിനെ തുടർന്ന് തൃശൂരിൽ നിന്നും എത്തിയ എലിഫന്റ് സ്‌ക്വാഡ് അംഗങ്ങളായ അജയ്, സ്‌നേഹിഷ്, ഷിബിൻ, സനു എന്നിവരുടെ നേതൃത്വത്തിൽ കാപ്ച്ചർ ബെൽറ്റിട്ട് ആനയെ തളയ്ക്കുകയായിരുന്നു. തുടർന്ന് വടം കെട്ടി ആനയെ തെങ്ങുകളിൽ ബന്ധിച്ചു. സി.ഐ. പി.ആർ ബിജോയ്, എസ്.ഐ. കെ.എസ്. സുബിന്ത്, ഇരിങ്ങാലക്കുട, ആളൂർ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ എന്നിവർ സ്ഥിതിഗതികൾ നിയന്ത്രിച്ച് മുഴുവൻ സമയവും ഒപ്പമുണ്ടായിരുന്നു. രാവിലെ ആറരയോടെ ഇറങ്ങിയോടിയ ആനയെ പത്തുകിലോമീറ്ററോളം ചെന്ന ശേഷമാണ് പിടികൂടാനായത്. അതേസമയം റോഡിലൂടെ ഓടിയ ആന ആർക്കും നാശനഷ്ടങ്ങൾ ഉണ്ടാക്കിയില്ല.