മാള: കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെയും മേക്ക് ഇൻ ഇന്ത്യയുടെയും സഹകരണത്തോടെ മാള ഹോളി ഗ്രേസ് അക്കാഡമിയിൽ സംഘടിപ്പിച്ച മെഗാ തൊഴിൽ മേളയിൽ ആയിരങ്ങൾ പങ്കെടുത്തു. 50 ൽപരം പ്രമുഖ കമ്പനികളാണ് മേളയിൽ പങ്കെടുത്തത്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആയിരക്കണക്കിന് ഉദ്യോഗാർത്ഥികളാണ് വിവിധ കമ്പനികളുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
കൂടിക്കാഴ്ചയ്ക്ക് ശേഷം നൂറുകണക്കിന് പേർക്ക് ജോലി ഉറപ്പാക്കാനായി. മൂന്ന് ഘട്ടങ്ങളിലായാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുത്തത്. ടെക്നിക്കൽ, നോൺ ടെക്നിക്കൽ, ജനറൽ, ഐ.ടി തുടങ്ങിയ മേഖലകളിൽ യോഗ്യതയുള്ളവർക്ക് നിരവധി അവസരങ്ങളാണ് മേളയിൽ നിന്ന് ലഭിച്ചത്. കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയോ മെഗാ തൊഴിൽ മേള ഉദ്‌ഘാടനം ചെയ്തു. എ.എൻ രാധാകൃഷ്ണൻ, എ.ഐ.സി.ടി.ഇ. വൈസ് ചെയർമാൻ ഡോ. എം.പി. പൂനിയ, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി, ഹോളി ഗ്രേസ് അക്കാഡമിയുടെ വിവിധ സ്ഥാപനങ്ങളുടെ ചെയർമാന്മാരായ ജോസ് കണ്ണമ്പിള്ളി, സാനി എടാട്ടൂക്കാരൻ, വക്കച്ചൻ താക്കോൽക്കാരൻ, പഞ്ചായത്ത് അംഗങ്ങളായ ബിജു ഉറുമീസ്, വർഗീസ് വടക്കൻ, ടി.ആർ സുഖിൽ തുടങ്ങിയവർ സംസാരിച്ചു...