കാഞ്ഞാണി : പാലാഴിയിൽ മണലൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉപകേന്ദ്രം ഏത് സമയത്തും നിലം പതിക്കാവുന്ന അവസ്ഥയിൽ. പരിതാപകരമായ അവസ്ഥയിലാണെങ്കിലും ആരോഗ്യവകുപ്പിന്റെ പ്രതിരോധ കുത്തിവയ്പ്പ് നടക്കുന്നത് ഈ കെട്ടിടത്തിലാണ്. മണലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള ഏക ഉപകേന്ദ്രമാണിത്. 1971ൽ പണിപൂർത്തീകരിച്ചതാണ് ഈ കെട്ടിടം. ഈ കെട്ടിടത്തിൽ വച്ചാണ് അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് കുത്തിവയ്പ്പും പോളിയോ വാക്‌സിൻ എന്നിവ കൊടുത്തതും. മുതിർന്നവർക്ക് പ്രഷർ ഉൾപ്പെടെയുള്ള പരിശോധനകളും ഇവിടെയാണ് നടത്തുന്നത്.
കഴിഞ്ഞ മഴക്കാലത്ത് ചോർന്നൊലിച്ച് പ്ലാസ്റ്റിക് പായ കൊണ്ട് മുകൾ ഭാഗം മൊത്തം പൊതിഞ്ഞിരിക്കുകയാണ്. ചുമരുകൾക്ക് വിള്ളലുമുണ്ടായി. ആദ്യകാലങ്ങളിൽ വിദൂരസ്ഥലങ്ങളിൽ നിന്ന് വരുന്ന ഫീൽഡ് സ്റ്റാഫുകൾ ഇവിടെ താമസിക്കുമായിരുന്നു. ഈ കെട്ടിടം വാസയോഗ്യമല്ലെന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇവിടെ താമസിച്ച് ജോലി ചെയ്യുന്നത് നിറുത്തലാക്കി. എന്നാൽ കുട്ടികൾക്കുള്ള കുത്തിവയ്പ്പും മറ്റു പരിശോധനകളും തുടർന്നുവരികയാണ്. മറ്റൊരു സ്ഥലം ഇല്ലാത്തതിനാലാണ് ഏതുസമയത്തും നിലം പതിക്കാവുന്ന കെട്ടിടത്തിൽ തന്നെ പോളിയോ കൊടുക്കലും കുത്തിവയ്പ്പും മറ്റു പരിശോധനകളും നടത്തുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വാദം. കെട്ടിടം പൊളിച്ചുപണിയാൻ ഫണ്ട് വകയിരുത്തിട്ടുണ്ടെന്ന് പഞ്ചായത്ത് അധികൃതരും പറയുന്നു. അടിയന്തരമായി സ്ഥലം എം.എൽ.എയോ എം.പിയോ, ആരോഗ്യവകുപ്പോ ഇടപെട്ട് ഫണ്ട് അനുവദിച്ച് പാലാഴിയിലെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണകേന്ദ്രം പുതുക്കിപണിയണമെന്നും അതുവരെ പ്രതിരോധ കുത്തിവയ്പ്പിനും മറ്റും പുതിയൊരു സ്ഥലം കണ്ടെത്തണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
..............
കെട്ടിടം പൊളിച്ച് പണിയുന്നത് 2020-2021 പദ്ധതിയിൽ 7 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്
ജിഷ സുരേഷ്
ഒന്നാം വാർഡ് മെമ്പർ
..........................
താത്കാലിക സംവിധാനം കണ്ടെത്തി അടിയന്തരമായി കാലപ്പഴക്കമേറിയ കെട്ടിടം പൊളിച്ചുമാറ്റണം. പുതിയൊരു കെട്ടിടം പണിയാൻ ജനപ്രതിനിധികൾ ഫണ്ട് അനുവദിക്കണം
ശിവരാമൻ കണിയാംപറമ്പിൽ
ഗ്രാമ വികസന സമിതി