തൃശൂർ: ചൈനയിൽ നിന്ന് കൊറോണ ഭീതിയുമായെത്തുന്ന ഇതരസംസ്ഥാനക്കാർക്ക് ഉൾപ്പെടെ മാർഗനിർദ്ദേശങ്ങൾ നൽകി രാജ്യത്തിന് തന്നെ മാതൃകയാകുകയാണ് ആരോഗ്യ വകുപ്പിന്റെ ദിശ ഹെൽപ്പ് ലൈൻ. കഴിഞ്ഞമാസം 27 മുതൽ ഇന്നലെ വൈകിട്ട് അഞ്ച് വരെ 1755 കോളുകളാണ് കൊറോണ രോഗത്തെ പറ്റിയുള്ള സംശയങ്ങളും നിർദ്ദേശങ്ങളും അന്വേഷിച്ച് ദിശയിലേക്കെത്തിയത്. 29 ന് 410 പേരും 30 ന് 485 പേരും വിളിച്ചു. ഇതിൽ ചൈനയിൽ നിന്ന് കേരളത്തിലേക്ക് വരുന്നതറിയിച്ച കോളുകൾ വരെയുണ്ട്. ലണ്ടൻ, സിംഗപ്പൂർ, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് നിരവധി മലയാളികളും രാജസ്ഥാൻ, ഉത്തർപ്രദേശ്, കർണാടക, മദ്ധ്യപ്രദേശ്, ജമ്മു, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേരും വിളിച്ചു. തങ്ങൾക്ക് ഇക്കാര്യത്തിൽ വേണ്ടത്ര മാർഗനിർദ്ദേശങ്ങൾ ലഭിച്ചില്ലെന്ന് ഇതരസംസ്ഥാനങ്ങളിൽ നിന്ന് വിളിച്ചവർ അറിയിച്ചതായി ദിശ അധികൃതർ പറയുന്നു. രോഗലക്ഷണമുള്ളവരും ഇവരുമായി ഇടപഴകിയവരും കൈക്കൊള്ളേണ്ട ഏകാന്തവാസം തന്നെയാണ് ദിശ ഇവരെ ആദ്യം പറഞ്ഞ് മനസിലാക്കിയത്. ചൈനാ സന്ദർശനത്തിന് ശേഷം കർണാടകയിൽ തിരിച്ചെത്തി പിറ്റേ ദിവസം മുതൽ ജോലിക്ക് പോയ ആൾ പിന്നീടാണ് കൊറോണ വൈറസിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. അവിടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ കോൾ സെന്ററുകൾ ഇല്ലാത്തതിനാൽ ദിശയിലേക്കാണ് വിളിച്ചതെന്നും ദിശ ജീവനക്കാർ പറയുന്നു.
ദിശ ഹെൽപ്പ് ലൈൻ
നാഷണൽ ഹെൽത്ത് മിഷന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത സംവിധാനം
24 മണിക്കൂറും പ്രവർത്തനം
3 ഷിഫ്റ്റുകളിലായി എം.എസ്.ഡബ്ല്യു യോഗ്യതയുള്ള15 ജീവനക്കാർ
കൂടുതൽ വിവരങ്ങൾക്കായി വിദഗ്ദ്ധരുടെ ഓൺലൈൻ സേവനം ഉറപ്പുവരുത്തുന്നു
ഹെൽപ്പ് ലൈൻ നമ്പർ - 0471 2552056, ടോൾഫ്രീ നമ്പർ 1056