തൃശൂർ : കോൾപ്പാടത്ത് നിന്നും പെട്ടിയും പറയും നീക്കി നൂതന ജലസേചന സൗകര്യങ്ങൾക്ക് അരങ്ങൊരുങ്ങുന്നു. കോൾ മേഖലയിലെ പെട്ടി പറ സംവിധാനത്തിന് പകരം സബ്‌മേഴ്‌സിബിൾ വെർട്ടിക്കൽ ആക്‌സിയൽ ഫ്‌ളോ പമ്പ് സെറ്റ് (വെള്ളത്തിൽ താഴ്ന്ന് കിടക്കുന്ന തരം പമ്പുകൾ) സ്ഥാപിക്കാനുള്ള പദ്ധതിക്ക് സർക്കാർ തലത്തിൽ തന്നെ തുടക്കമായി.
സർക്കാർ സഹായത്തോടെ അന്തിക്കാട്, മുല്ലശ്ശേരി, ചേർപ്പ്, പുഴയ്ക്കൽ ബ്ലോക്കുകളിലെ വിവിധ കോൾ പടവുകളിൽ ഇത്തരം പമ്പുകൾ സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾക്ക്് തുടക്കം കുറിച്ചു. 14 പമ്പ് സെറ്റുകളാണ് സ്ഥാപിച്ചത്. തൃശൂർ പൊന്നാനി കോൾ മേഖലയിലെ മുഴുവൻ പെട്ടി പറയും മാറ്റി അഞ്ചു വർഷം കൊണ്ട് സബ്‌മേഴ്‌സിബിൾ പമ്പ് സെറ്റ് വയ്ക്കുന്നതിനുള്ള സ്‌കീം രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ പരിഗണനയിലാണ്. ചില കോൾ പടവ് കമ്മിറ്റികളിലെങ്കിലും ജില്ലാ പഞ്ചായത്തിന്റെയും മറ്റും സഹായത്തോടെ ഇത്തരം പമ്പ് സെറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ 58 പമ്പു സെറ്റുകൾ
അതിന് മുന്നോടിയായി കൃഷി വകുപ്പിന്റെ വിവിധ പദ്ധതികളിൽ നിന്നായി എട്ട് കോടിയും ജില്ലാ പഞ്ചായത്ത് ഒരു കോടിയും അടക്കം ഒമ്പത് കോടി രൂപ ഉപയോഗിച്ച് 58 സബ്‌മേഴ്‌സിബിൾ പമ്പുകളാണ് സ്ഥാപിക്കുന്നത്. അതിൽ 14 പമ്പുകൾ സ്ഥാപിച്ചു. അടുത്ത സീസണ് മുമ്പായി ബാക്കി പമ്പ് സെറ്റുകളും സ്ഥാപിക്കും.
പരമ്പരാഗത രീതിക്ക് മാറുന്നു
കോൾ മേഖലയിൽ കൃഷി ഇറക്കുന്നതിന് മുമ്പ് വെള്ളം വറ്റിക്കുന്നതിന് പരമ്പരാഗതമായി പെട്ടി പറ സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. അറ്റകുറ്റപ്പണിയും വൈദ്യുതിയുടെ അമിതമായ ഉപഭോഗവും കാരണമാണ് പെട്ടി പറ സംവിധാനം നിറുത്തലാക്കണമെന്ന ആവശ്യം ഉയർന്നിരുന്നത്.
റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി തൃശൂർ പൊന്നാനി കോൾ മേഖലയിൽ 60 കോടിയുടെ വികസന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം നൽകിയത്. 130 കോടിയുടെ വികസന പദ്ധതി അടുത്ത സ്‌റ്റേറ്റ് ലെവൽ ബാങ്കേഴ്‌സ് കമ്മിറ്റി (എസ്.എൽ.ബി.സി) യോഗത്തിനായി സമർപ്പിച്ചിട്ടുണ്ട്.
വി.എസ് സുനിൽ കുമാർ, കൃഷി മന്ത്രി
ആദ്യ ഘട്ടം ഉദ്ഘാടനം
കോൾമേഖലയിലെ പെട്ടി പറ സംവിധാനത്തിന് പകരം സബ്‌മേഴ്‌സിബിൾ വെർട്ടിക്കൽ ആക്‌സിയൽ ഫ്‌ളോ പമ്പ് സെറ്റ് സ്ഥാപിക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനം പള്ളിപ്പുറം ആലപ്പാട് പാടശേഖരത്തിലെ ചാബുവാൻ കോൾ എഞ്ചിൻതറ പരിസരത്ത് മന്ത്രി വി.എസ് സുനിൽ കുമാർ നിർവഹിച്ചു. പാറളം പഞ്ചായത്ത് പ്രസിഡന്റ് സതീപ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ് പി.ടി. സണ്ണി, പാറളം പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എ.ആർ. ജോൺസൺ, വാർഡ് മെമ്പർ കെ.എസ്. നിഖിൽ, സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷൻ സി.ഇ.ഒ ഡോ. യു. ജയകുമാരൻ, ഡോ. ആശ ശങ്കർ, ഡോ. ഗോപിദാസ്, കോൾ കർഷക സംഘം പ്രസിഡന്റ് കെ.കെ. കൊച്ചുമുഹമ്മദ്, പള്ളിപ്പുറം ആലപ്പാട് കോൾ കർഷക സംഘം പ്രസിഡന്റ് സി.എസ്. പവനൻ എന്നിവർ സംസാരിച്ചു..