ഏങ്ങണ്ടിയൂർ : ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ സ്ത്രീ സുരക്ഷയുടെ ഭാഗമായി സംഘടിപ്പിച്ച രാത്രി നടത്തം രാഷ്ടീയ നടത്തമാക്കി മാറ്റിയെന്ന് മണ്ഡലം കോൺഗ്രസ്. പുരുഷന്മാരായ രാഷ്ട്രീയ നേതാക്കളോ ജനപ്രതിനിധികളോ പങ്കെടുക്കേണ്ടതില്ലായെന്ന നിർദ്ദേശത്തിൽ സംഘടിപ്പിച്ച രാത്രി നടത്തത്തിന്റെ സമാപന സമ്മേളനത്തിൽ സി.പി.എമ്മിന്റെ ലോക്കൽ കമ്മിറ്റി ഭാരവാഹികളെയും ബ്രാഞ്ച് സെക്രട്ടറിമാരെയും, മഹിളാസംഘം ഭാരവാഹികളെയും പങ്കെടുപ്പിച്ചത് തികഞ്ഞ രാഷ്ടീയ ലക്ഷ്യത്തോടെയാണെന്ന് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

സ്ത്രീകളുടെ കലാപരിപാടികളിൽ പോലും പുരുഷന്മാരായ പാർട്ടി നേതാക്കളെ പങ്കെടുപ്പിച്ച് പഞ്ചായത്ത് നടത്തിയ നാടകം പ്രഖ്യാപിത ലക്ഷ്യത്തെ ലംഘിച്ച് മുതലെടുപ്പിനുള്ള ശ്രമമാണ് നടത്തിയത്. ഇതിന് നേതൃത്വം കൊടുത്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ കാര്യാട്ട് ആവശ്യപ്പെട്ടു. പരിപാടിയിലേക്ക് ബ്ലോക്ക് പഞ്ചായത്തംഗം നൗഷാദ് കൊട്ടിലിങ്ങലിന് ക്ഷണക്കത്ത് പോലും നൽകാത്ത പഞ്ചായത്ത് ഭരണസമിതി സർക്കാർ പരിപാടികളെ രാഷ്ട്രീയവത്കരിക്കുകയാണെന്നും യോഗം ആരോപിച്ചു..