തൃശൂർ: കൊറോണ വൈറസ് ബാധയ്‌ക്കെതിരെ പ്രതിരോധം തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, ബൗദ്ധികവും പ്രായോഗികവുമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിക്കാൻ ദേശീയ - അന്തർദേശീയ വിദഗ്ദ്ധരുടെ യോഗം നാളെ രാവിലെ 10.30 ന് ആരോഗ്യ ശാസ്ത്ര സർവകലാശാല ആസ്ഥാനത്ത് ചേരും. വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അദ്ധ്യക്ഷത വഹിക്കും. പ്ലാനിംഗ് ബോർഡ് അംഗം ഡോ. ബി. ഇക്ബാൽ, ഡോ. ഷൗക്കത്ത് അലി (നാഷണൽ ഡിസീസ് കൺട്രോൾ സെന്റർ), ഡോ. സുനിൽ ചാക്കോ (ഹാർവാർഡ് സർവകലാശാല), ഡോ. അമർ ഫെറ്റിൽ (കേരള ആരോഗ്യ വകുപ്പ്), ഡോ. എം.കെ. നാരായണൻ (വെറ്ററിനറി സർവകലാശാല) എന്നിവർക്ക് പുറമേ, കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിവിധ വിഭാഗങ്ങളിലെ അദ്ധ്യാപർ, ഗവേഷകർ, പൊതുജനാരോഗ്യ വിദഗ്ദ്ധർ, സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ എന്നിവരും പങ്കെടുക്കും. എല്ലാവർക്കും അറിഞ്ഞിരിക്കേണ്ട 'എഫ്.എ.ക്യു' കൾ അടങ്ങുന്ന രേഖയും ഇതോടനുബന്ധിച്ച് പുറത്തിറക്കുമെന്ന് വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചു.