makara-bharani

ചാവക്കാട്: കോഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മകരഭരണി വേല വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഉത്സവത്തിന് ആയിരങ്ങളാണ് സാക്ഷ്യം വഹിച്ചത്. രാവിലെ മുതൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ ഉണ്ടായിരുന്നു. പറചൊരിയൽ, പട്ടും താലിയും ചാർത്തൽ എന്നിവയും ഉണ്ടായി. ക്ഷേത്രം മേൽശാന്തി രാജൻ എമ്പ്രാന്തിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പൂജകൾ നടന്നു.

ഉച്ചയ്ക്ക് പഞ്ച വാദ്യത്തോടെയുള്ള എഴുന്നള്ളിപ്പ് നടന്നു. ഉച്ചയ്ക്ക് വിവിധ കരകളിൽ നിന്നുള്ള ആഘോഷങ്ങൾ ക്ഷേത്രത്തിലേക്ക് പുറപ്പെട്ട് വൈകീട്ട് ക്ഷേത്രാങ്കണത്തിലെത്തി കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ മേളവും നടന്നു. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിലുള്ള ആഘോഷങ്ങൾ, വൈകിട്ട് ക്ഷേത്രാങ്കണത്തിൽ എത്തി, കൂട്ടിയെഴുന്നള്ളിപ്പ് നടന്നു. വർണ കാവടികൾ, തെയ്യം, തിറ, നാടൻ കലാരൂപങ്ങൾ, വിവിധ വാദ്യ മേളങ്ങൾ എന്നിവ അകമ്പടിയായി.

ദീപാരാധനയ്ക്ക് ശേഷം കോമരത്തിൻ വീട്ടിൽ മച്ചിൽ നിന്നു പുറപ്പെട്ട ചരിത്ര പ്രസിദ്ധമായ പള്ളിവാൾ എഴുന്നള്ളിപ്പ് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ രാത്രിയിൽ ക്ഷേത്രത്തിലെത്തി. തുടർന്ന് കുളം പ്രദക്ഷിണവും ഉണ്ടായി. നാടൻ പാട്ടുകളും, ദൃശ്യാവിഷ്‌കാരങ്ങളും നടന്നു. ക്ഷേത്രം മേൽശാന്തി രാജൻ എമ്പ്രാന്തിരിയുടെ പ്രധാന കാർമ്മികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്രം ഭാരവാഹികളായ ഭരണസമിതി ചെയർമാൻ രാധാകൃഷ്ണൻ മാസ്റ്റർ കാക്കശ്ശേരി, സെക്രട്ടറി അയിനിപുള്ളി ജയൻ, ജോയിന്റ് സെക്രട്ടറി കെ.എം. ഷാജി, ട്രഷറർ കെ.ബി. പ്രേമൻ എന്നിവർ നേതൃത്വം നൽകി.