vahanangal
മാലിന്യം തള്ളാനെത്തിയ വാഹനങ്ങൾ

എരുമപ്പെട്ടി: രാത്രിയിൽ വനത്തിൽ മാലിന്യം തള്ളി കടന്നുകളയുന്ന സാമൂഹിക ദ്രോഹികളെ പിടികൂടാൻ വലവിരിച്ച് വനപാലകർ. വടക്കാഞ്ചേരി റെയ്ഞ്ചിന്റെ കീഴിൽ വരുന്ന റോഡരികിലുള്ള വനപ്രദേശങ്ങളിലും മാലിന്യം തള്ളാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലും രാത്രി കാല പട്രോളിംഗ് ഊർജ്ജിതപ്പെടുത്തി.

കഴിഞ്ഞ ദിവസം പഴവൂർ ഇടക്കുന്ന് വനപ്രദേശത്ത് കോഴി അറവ് അവശിഷ്ടങ്ങൾ തള്ളാനെത്തിയ മൂന്ന് പേർ എരുമപ്പെട്ടി വനപാലകരുടെ വലയിൽ കുരുങ്ങി. കൈപറമ്പ് രായമറക്കാർ വീട്ടിൽ സിദ്ദിഖ് (56), വേലൂർ തെക്കൂട്ട് വീട്ടിൽ അരുൺ (27), മുണ്ടത്തിക്കോട് പാമ്പിങ്ങൽ വീട്ടിൽ രംഗൻ (41) എന്നിവരാണ് പിടിയിലായത്. മാലിന്യവുമായി എത്തിയ രണ്ട് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

എരുമപ്പെട്ടി ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സി. രാജീവന്റെ നേതൃത്വത്തിൽ സെക്‌ഷ‌ൻ ഫോറസ്റ്റ് ഓഫീസർ പി.എസ്. ബാബു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഷാനിബ്, ഫ്രാൻസിസ് എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം നടത്തിയ പട്രോളിംഗിലാണ് കുറ്റകൃത്യം കണ്ടെത്തിയത്. പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു.

ശക്തമായ നടപടി

വനഭാഗങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.

ഡെൽറ്റോ എൽ. മാറൊക്കി, വടക്കാഞ്ചേരി റെയ്ഞ്ച് ഓഫീസർ