canal
തുമ്പൂർമുഴി വലതുകര കനാൽ വെള്ളമില്ലാതെ വരണ്ടുകിടക്കുന്നു

ചാലക്കുടി: കനകമലയിലെ പാലം നിർമ്മാണത്തോട് അനുബന്ധിച്ച് നിറുത്തിവച്ചിരുന്ന തുമ്പൂർമുഴി വലതുകര കനാലിലെ ജലവിതരണം ചൊവ്വാഴ്ച പുനരാരംഭിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് തുമ്പൂർമുഴിയിൽ നിന്നുമുള്ള വെള്ളം തടഞ്ഞത്. ഇതോടെ കനാൽ വെള്ളത്തെ ആശ്രയിക്കുന്ന കർഷകർഷകരുടെ ദുരിതവും വർദ്ധിച്ചു.

കനത്ത വേനലിൽ കനാൽവെള്ളവും ഇല്ലാതായപ്പോൾ കാർഷിക വിളകൾ കരിഞ്ഞുണങ്ങുന്ന അവസ്ഥയിലായി. നൂറുകണക്കിന് കിണറുകളിലെ ജലവിതാനം താഴ്ന്നു. വേനൽമഴ കിട്ടാതെ നട്ടം തിരിയുന്നതിനിടെയാണ് ഒരാഴ്ച കനാൽവെള്ളത്തിന്റെ അഭാവവും ഉണ്ടായത്. ഒട്ടും വൈകാതെ വെള്ളം തുറന്നു വിടണമെന്ന ആവശ്യവുമായി കർഷകർ ഇതിനകം രംഗത്തെത്തി.

ചാലക്കുടി കനകമല റോഡിലെ ഗ്രോട്ടോ പാലത്തിന്റെ പുനർനിർമ്മാണം നടക്കുകയാണ്. ഇതിന്റെ സ്ലാബുകൾ വാർക്കുന്നതിന് താങ്ങുനൽകുന്ന തൂണുകൾ കനാലിലേക്കു ഇറക്കി വച്ചിട്ടുണ്ട്. ഇക്കാരണത്താൽ ഒരാഴ്ച കനാലിലെ വെള്ളം ഒഴുകുന്നത് തടയുകയായിരുന്നു. ജലവിതരണം മുടങ്ങിയതിനെ തുടർന്ന് പ്രധാന കനാലിൽ ഇറിഗേഷൻ വകുപ്പ് ചില അറ്റകുറ്റപ്പണികളും നടത്തി.

പുഴയിൽ നിന്നുമെത്തുന്ന വെള്ളത്തിന്റെ അളവിന് ഇത്തവണ കുറവുണ്ട്. ഈ സാഹര്യത്തിൽ കനാലിൽ അടിഞ്ഞു കൂടിയ മണ്ണ് വെള്ളത്തിന്റെ സുഗമമായ ഒഴുക്കിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. ഇതു ഒഴിവാക്കുന്നതിനാണ് അടിയന്തരമായി മണ്ണുമാറ്റൽ നടത്തിയത്.