ചാലക്കുടി: ജീവിത സായാഹ്നത്തിൽ വയോജനങ്ങളെ ചേർത്തു പിടിക്കുന്ന ജനമൈത്രി പൊലീസിന്റെ കൈവിടാതെ, കരുതലോടെ പദ്ധതി സി.കെ.എം.എൻ.എസ്.എസ് സ്‌കൂളിൽ നടന്നു. ബി.ഡി. ദേവസി എം.എൽ.എ ഉദ്ഘാടനം ചെയ്തു. മർച്ചന്റ്‌സ് അസോസിയേഷൻ, റോട്ടറി ക്ലബ് സ്‌മൈൽ ചാലക്കുടി പ്രോജക്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയായിരന്നു കൂട്ടായ്മ ഒരുക്കിയത്.
നഗരസഭ, പരിയാരം, കോടശേരി പഞ്ചായത്ത് പ്രദേശങ്ങളിൽ നിന്നുമുള്ള 200ലധികം വയോധികർ പങ്കാളികളായി. റൂറൽ ജില്ലാ പൊലീസ് മേധാവി കെ.പി. വിജയകുമാരൻ മുഖ്യാതിഥിയായിരുന്നു. ഡിവൈ.എസ്.പി: സി.ആർ. സന്തോഷ് അദ്ധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ് ജോയ് മൂത്തേടൻ എന്നിവർ സ്‌നേഹാദരം സമർപ്പിച്ചു. പങ്കെടുത്തവർക്കെല്ലാം സമ്മാനങ്ങളും നൽകി.
ഫൊറോന വികാരി ഫാ. ജോസ് പാലാട്ടി, ടൗൺ ചീഫ് ഇമാം കെ.എസ്. ഹുസൈൻ ഹാജി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.ഐമാരായ ബി.കെ. അരുൺ, കെ.കെ. ബാബു, എം.എസ്. സാജൻ, റോട്ടറി പ്രസിഡന്റ് കെ. രമേഷ്‌കുമാർ, ദിലീപ് നാരായണൻ, മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് ജോബി മേലേടത്ത്, ജനറൽ സെക്രട്ടറി റെയ്‌സൺ ആലുക്ക, സെന്റ് ജയിംസ് ആശുപത്രി ഡയറക്ടർ ഫാ. വർഗീസ് പാത്താടൻ, നഗരസഭാ പ്രതിപക്ഷ നേതാവ് വിൻസെന്റ് പാണാട്ടുപറമ്പിൽ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശിധരൻ എന്നിവർ പ്രസംഗിച്ചു. സ്‌നേഹസദ്യയും കലാഭവൻ ജയൻ, മുരളി ചാലക്കുടി എന്നിവരുടെ നേതൃത്വത്തിൽ കലാവിരുന്നും ഒരുക്കിയിരുന്നു.