കൊടുങ്ങല്ലൂർ: ജനങ്ങൾ റോഡിലിറങ്ങിയ ശേഷം ഒരു ഭരണകൂടവും നിലനിന്നിട്ടില്ലെന്നും ഭരണഘടനയ്ക്കനുസരിച്ച് ഭരിക്കാൻ നരേന്ദ്രമോദി തയ്യാറായില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നും ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് പറഞ്ഞു. അഴീക്കോട് മുനക്കൽ ബീച്ചിൽ സിറ്റിസൺ ഷിപ്പ് ഫോറം സംഘടിപ്പിച്ച ആസാദി മാർച്ചിലും സമര സംഗമത്തിലും മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആർ.എസ്.എസ് നേതാക്കളും നുണ പറയൽ മത്സരം നടത്തുകയാണ്.

നുണയൻമാരുടെയും തെമ്മാടികളുടെയും സർക്കാരാണ് ഭരിക്കുന്നത്. രാജ്യം മുഴുവൻ 5,​000 ഷഹീൻ ബാഗുകൾ നിർമ്മിക്കുകയാണ് ഇവരുടെ ലക്ഷ്യം. ഈ കരിനിയമം എന്ത് വില കൊടുത്തും പിൻവലിപ്പിക്കും. പ്രധാനമന്ത്രിയെ ബഹുമാനിക്കാനാണ് കോടതി തന്നോട് പറഞ്ഞത്. എന്നാൽ രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങളോടും ബഹുമാനമില്ലാത്ത പ്രധാനമന്ത്രിയെ എങ്ങനെ ബഹുമാനിക്കാനാകും. ഈ രാജ്യം നമ്മുടേതാണെന്നും നാം രാജ്യം വിടില്ല എന്നും അദ്ദേഹം തുടർന്ന് പറഞ്ഞു. മുനക്കൽ ബീച്ചിലെ അംബേദ്കർ സ്ക്വയറിൽ ചേർന്ന സമര സംഗമം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡോ. പി.എ. മുഹമ്മദ് സഈദിന്റെ അദ്ധ്യക്ഷതയിൽ അഡ്വ വി.ആർ സുനിൽ കുമാർ എം.എൽ.എ, അഡ്വ. വി.ഡി സതീശൻ എം.എൽ.എ, നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ, ദോലൻ സാവന്ത, ഡോ. ഫസൽ ഗഫൂർ, ഡോ. അമൽ. സി രാജ്, കെ.കെ. ബാബുരാജ് എന്നിവർ സംസാരിച്ചു. എറിയാട് ചേരമാൻ മൈതാനിയിൽ നിന്നും ചേരമാൻ ജുമാ മസ്ജിദ് പരിസരത്ത് നിന്നും റാലിയായി നീങ്ങി പുത്തൻപള്ളി ജംഗ്ഷനിൽ സംഗമിച്ച മഹാറാലിയാണ് മുനക്കൽ ബീച്ചിലേക്കെത്തിയത്. റോഡ് നിറഞ്ഞൊഴുകിയ റാലി ഒരു പോയിന്റ് കടക്കാൻ ഒന്നേകാൽ മണിക്കൂറെടുത്തു. ഡോ.പി.എ. മുഹമ്മദ് സഈദ്, സൈഫുദ്ദീൻ അൽഖാസിമി, കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം സക്കീർഹുസൈൻ, ടി.എം. നാസർ, പി.കെ ഷംസുദ്ധീൻ, ബി.ജി. വിഷ്ണു, കെ.പി സുനിൽകുമാർ, ഷെമീർ എറിയാട് തുടങ്ങിയവർ നേതൃത്വം നൽകി .