photo-rlvlps
വിദ്യാലയത്തിലെ കുട്ടികൾ കളിക്കാനായി ഒരുമിച്ചിരിക്കുന്നു

മാള: ആകെ കുട്ടികൾ എട്ട്, അദ്ധ്യാപകർ നാല്, ക്ലാസ് മുറികൾ 12... ജീവനക്കാർ ഏറ്റെടുത്ത് നടത്തുന്ന വലിയപറമ്പ് രാമവിലാസം ലോവർ പ്രൈമറി എയ്ഡഡ് സ്‌കൂൾ നിലനിൽപ്പിനായി കൈകാലിട്ടടിക്കുന്നു. ഒന്നാം ക്ലാസിൽ മൂന്നു പേർ, രണ്ടിൽ രണ്ട്, മൂന്നാം ക്‌ളാസിൽ രണ്ട്, നാലിൽ ഒരു കുട്ടി. ഇതാണവസ്ഥ.

സ്കൂൾ ഏറ്റെടുക്കാൻ 2016ൽ സർക്കാരിൽ അപേക്ഷ നൽകിയതാണ്. നാല് അദ്ധ്യാപകർക്കുമായി സർക്കാർ രണ്ടര ലക്ഷത്തോളം രൂപയാണ് ശമ്പളമായി നൽകുന്നത്.

1929ൽ അടൂപ്പറമ്പിൽ രാമ പൈയാണ് വിദ്യാലയം തുടങ്ങിയത്. കൊച്ചിൻ ദിവാനിൽ നിന്ന് പാട്ടത്തിനെടുത്ത രണ്ടേക്കറിലധികം സ്ഥലത്ത് വിദ്യാലയം ആരംഭിച്ചു. 1940ൽ നടത്തിപ്പ് ജീവനക്കാർക്ക് വിട്ടുനൽകി.

1990ൽ ജീവനക്കാരുടെ പ്രയത്നത്താൽ വിദ്യാലയത്തിൽ 250 കുട്ടികൾ വരെയെത്തി. ഭൗതിക സാഹചര്യം മോശമായി തുടങ്ങിയതോടെ പതിയെ പതിയെ കുട്ടികളുടെ എണ്ണം കുറഞ്ഞു. 2007 മുതൽ നാല് അദ്ധ്യാപകരായി.

ഇപ്പോഴുള്ള എട്ടു കുട്ടികളിൽ ആറും പട്ടികജാതി വിഭാഗക്കാരാണ്. അറ്റകുറ്റപ്പണികൾ നടത്താതെ പൊതുമരാമത്ത് വകുപ്പ് ഫിറ്റ്‌നസ് നൽകാത്ത നിലയിലാണ് ഈ പഴയ കെട്ടിടം. 12 ക്ലാസ് മുറികളിൽ മൂന്നെണ്ണം മാത്രമാണ് കെ.ഇ.ആർ നിലവിൽവന്ന ശേഷമുള്ളത്.

ക്ളാസ് നടത്തുന്ന മുറികളുടെ അറ്റകുറ്റപ്പണിക്കായി രണ്ട് ലക്ഷത്തിലധികം രൂപയാണ് കഴിഞ്ഞ വർഷം അദ്ധ്യാപകർ ചെലവഴിച്ചത്. 2016-17 വരെ വില്ലേജിൽ മുന്നൂറ് രൂപ ലീസ് അടച്ചിട്ടുണ്ട്. എന്നാൽ തുടർന്നുള്ള വർഷത്തിൽ ലീസ് സ്വീകരിക്കാൻ വില്ലേജ് അധികൃതരും തയ്യാറായിട്ടില്ല.

വളർച്ച കീഴോട്ട്

1990 ൽ

8 ഡിവിഷൻ, 250 കുട്ടികൾ,12 അദ്ധ്യാപകർ

2005 ൽ

9 അദ്ധ്യാപകർ, 160 കുട്ടികൾ

2007 ൽ

4 അദ്ധ്യാപകർ, 70 കുട്ടികൾ

2018ൽ

10 കുട്ടികൾ


'വിദ്യാലയവും അനുബന്ധ സ്ഥലവും സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് 2016ൽ വിദ്യാഭ്യാസ വകുപ്പിന് നിവേദനം നൽകിയിരുന്നു"

കെ.എസ്. സീന,
പ്രധാനാദ്ധ്യാപിക.