കാഞ്ഞാണി : മണലൂർ പഞ്ചായത്ത് കെട്ടിടത്തോട് ചേർന്ന് രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കൃഷിഭവൻ ചോർന്നൊലിക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തിലേറെ. കൃഷി ഓഫീസറുടെ കസേരയ്ക്ക് മുകളിൽ പൊട്ടിയടർന്ന് വീഴാൻ തയ്യാറായി നിൽക്കുകയാണ് മേൽക്കൂരയിലെ കോൺക്രീറ്റ് പാളികൾ. ആയിരം നെൽക്കർഷകർ ഉൾപ്പെടെ നിരവധി ആളുകളാണ് ആനുകൂല്യങ്ങൾക്കായി കൃഷി ഭവനെ ആശ്രയിക്കുന്നത്.
അന്തിക്കാട് വാടകകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ക്യഷിഭവൻ മണലൂർ പഞ്ചായത്തിന്റെ പിറകിൽ രണ്ടാം നിലയിലേക്ക് മാറ്റിയിട്ട് 15 വർഷം പിന്നിട്ടു. കൃഷി ഓഫീസറുടെ ഓഫീസ് ഉൾപ്പെടെ രണ്ടു റൂമുകളാണ് ആകെയുള്ളത്. കൃഷി ഓഫീസർ ഉൾപ്പെടെ ആറ് ജീവനക്കാരാണ് ഇവിടെയുള്ളത്. മഴസമയത്ത് ചോർച്ച മൂലം ഫയലുകൾ പോലും സൂക്ഷിക്കാനാകാത്ത അവസ്ഥയാണ്. കൃഷി ഓഫീസറും ജീവനക്കാരും ഭീതിയിലാണ് ഇവിടെ ജോലി ചെയ്യുന്നത്. മാറിമാറി വരുന്ന പഞ്ചായത്ത് ഭരണസമിതിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടും കൃഷിഭവന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടായിട്ടില്ല. എന്നാൽ
ലക്ഷങ്ങൾ ചെലവഴിച്ച് പഞ്ചായത്ത് മോടി കൂട്ടിയെങ്കിലും കൃഷിഭവനിലെ ചോർച്ച തടയാനോ മുകൾ ഭാഗം പ്ളാസ്റ്റർ ചെയ്യാനോ പഞ്ചായത്ത് അധികൃതർ തയ്യാറായിട്ടില്ല. അടുത്ത വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അറ്റകുറ്റപണി ചെയ്യാമെന്നാണ് ഇവർ പറയുന്നത്. പഞ്ചായത്ത് കെട്ടിടത്തിൽ കൃഷിഭവന് വേണ്ട സൗകര്യങ്ങളില്ലെന്നും മാറ്റി സ്ഥാപിക്കണമെന്നുമുള്ള ആവശ്യവും ഉയരുന്നുണ്ട്.
.............. പഞ്ചായത്തിന്റെ പണി കഴിയുന്നതോടെ കൃഷിഭവന്റെ അറ്റകുറ്റപണി നടത്തും. പ്ലാനിംഗ് ബോർഡിൽ നിന്ന് അതിനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് എം.ആർ മോഹനൻ ............ കൃഷിഭവൻ ഇവിടെ നിന്ന് മാറ്റണം. പഞ്ചായത്ത് കെട്ടിടത്തിൽ കൃഷിഭവന് വേണ്ട സൗകര്യങ്ങളില്ല. പഞ്ചായത്ത് സ്ഥലം കണ്ടെത്തി അവിടേക്ക് കൃഷിഭവന് മാറ്റണം റോബിൻ വടക്കെത്തല പ്രതിപക്ഷ നേതാവ്