മാള: കൊറ്റനെല്ലൂർ ഇടവന വീട്ടിലെ തൊടിയിലേക്കിറങ്ങിയാൽ മുഴുവൻ കിഴങ്ങു വർഗ്ഗങ്ങളാണ്. തൊടി വിട്ട് ഇടവന വീട്ടിലെ ഗൃഹനാഥൻ ഇ.ആർ വിനോദ് (46) പുറത്തുപോയാലും തിരിച്ചെത്തുമ്പോഴും കൈയിലുണ്ടാകും തൊടിയിൽ ഇല്ലാത്ത പുതിയ ഇനം കിഴങ്ങ് വർഗ്ഗം. ഇങ്ങനെ ശേഖരിച്ച ഈ 90 സെന്റ് പുരയിടത്തിലെ കിഴങ്ങു വർഗ ജനുസുകളുടെ എണ്ണമെടുത്താൽ അന്തം വിട്ടുപോകും

കാച്ചിൽ 45 ഇനം, അറുപത് ഇനം മരച്ചീനി, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞൾ..... ലിസ്റ്റ് അങ്ങനെ നീളും.. വിദേശി ഉൾപ്പെടെ അപൂർവമായ നൂറോളം കിഴങ്ങു വർഗങ്ങൾ വിനോദിന്റെ കൈവശമുണ്ട്.

20 വർഷം മുമ്പ് തുടങ്ങിയതാണ് കിഴങ്ങ് പ്രേമം. അച്ഛൻ രാമകൃഷ്ണനും അമ്മ ശാന്തയും കർഷകരായിരുന്നു. പണ്ടു മുതൽ കപ്പയും കാച്ചിലും ചേമ്പും ചേനയും അടക്കമുള്ളവ വീട്ടുപറമ്പിൽ കൃഷി ചെയ്തിരുന്നു. അന്നും കിഴങ്ങും കാച്ചിലുമൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. വയനാട് സ്വദേശി പി.ജെ മാനുവലിനെ പരിചയപ്പെടുന്നതോടെ കാഴ്ചപ്പാടൊക്കെ ആകെ മാറി.

കിഴങ്ങുവർഗ്ഗങ്ങളുടെ സംരക്ഷണമെന്ന ആശയം ലക്ഷ്യമായി. കിഴങ്ങുവർഗങ്ങളിലെ വ്യത്യസ്ത ഇനങ്ങളെ കുറിച്ചും അവയുടെ സംരക്ഷണത്തെക്കുറിച്ചും അറിഞ്ഞതോടെ പിന്നെ മാനുവലിൽ നിന്ന് കിഴങ്ങ് വിത്ത് സ്വീകരിച്ച് ആ യാത്ര തുടങ്ങി. പിന്നീട് പലരിൽ നിന്നും വിത്ത് ശേഖരിച്ചു.

വിത്തുകൾ ശേഖരിക്കാനായി കേരളത്തിനകത്തും പുറത്തും നടത്തിയ യാത്രകൾക്ക് കണക്കില്ല. വയനാട്, കാസർകോട്, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട അടക്കം ഒട്ടുമിക്ക ഇടങ്ങളിലേക്കും ഇറങ്ങിത്തിരിച്ചു. നെയ്യാറ്റിൻകരയിലെ മുൻ മിലിറ്ററി ഉദ്യോഗസ്ഥനായ ശ്യാംകുമാർ, ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ ഓഫിസർമാരായ ഷീല, ശശാങ്കൻ, സതീശൻ തുടങ്ങിയവരെല്ലാം പ്രോത്സാഹനവുമായെത്തി. അപൂർവമായതിനാൽ വിത്ത് ശേഖരിക്കാൻ പ്രയാസപ്പെട്ടത് കുഴിമുണ്ടൻ ചേനയുടെയും നെടുവൻ കിഴങ്ങിന്റേതുമാണ്. ഏറെ തേടി അലഞ്ഞ് കുഴിമുണ്ടൻ ചേന വയനാട്ടിൽ നിന്നും നെടുവൻ കിഴങ്ങ് പെരിങ്ങമ്മലയിൽ നിന്നുമാണ് ലഭിച്ചത്. വിത്തുകൾ ആവശ്യമുള്ളവർ നേരിട്ടു ചെന്നാൽ നൽകുമെന്നല്ലാതെ വിനോദിന് ഒന്നിന്റെയും വില്പനയും ഇല്ല. വരുമാനത്തിന് ലൈറ്റ് ആൻഡ് സൗണ്ട് പണിയും പെയിന്റിംഗ് പണിയുമുണ്ട്. പിന്നെ പാട്ടത്തിന് എടുത്ത രണ്ടര ഏക്കറിലെ വാഴ, കപ്പ, കുരുമുളക് കൃഷി തുടങ്ങിയവയിൽ നിന്നുമുള്ള വരുമാനവും. കിഴങ്ങുവർഗങ്ങൾ അന്യം നിന്നുപോകരുതെന്ന ലക്ഷ്യവുമായാണ് ഈ യാത്രയെന്ന് വിനോദ് പറയുന്നു. അവിവാഹിതനാണ്. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമാണെങ്കിലും കാർഷിക സർവകലാശാല ഉൾപ്പെടെ വിനോദിനെ ക്ലാസെടുക്കാൻ ക്ഷണിക്കാറുണ്ട്. വിനോദിന്റെ ഫോൺ നമ്പർ: 9497456693

ഭീമൻ, ഔഷധ കാച്ചിൽ

കയ്യാലച്ചാടി, ആഫ്രിക്കൻ ഇനമായ ശ്രീസുബ്ര, ക്വിന്റൽ എന്നിവ ഒരു വർഷം കൊണ്ട് 5,055 കിലോഗ്രാം തൂക്കം വയ്ക്കും. അത്യപൂർവ ഇനങ്ങളായ ചോരക്കാച്ചിൽ, ഗന്ധകശാല എന്നിവ ആദിവാസികൾ ഔഷധമായി ഉപയോഗിക്കുന്നതാണ്. പ്രസവസമയത്ത് അമിത രക്തസ്രാവം വരാതിരിക്കാൻ ഗർഭിണിയായിരിക്കുമ്പോൾ ഈ കാച്ചിൽ നൽകും.

വിനോദിന്റെ കലവറയിൽ

60 കപ്പ ഇനം

45 ഇനം ചേമ്പ്

10 ഇനം ചേന

15 ഇനം ഇഞ്ചി

15 ഇനം മഞ്ഞൾ

12 ഇനം വാഴ

12 ഇനം നാടൻ മാവ്

15 ഇനം കുരുമുളക്

12 ഇനം പ്ലാവ്‌

6 ഇനം ജാതികൾ