maoist-

തൃശൂർ: കേരളത്തിലെ പ്രവർത്തനങ്ങൾക്കിടെയുണ്ടായ തിരിച്ചടികൾ മറികടക്കാൻ ബാണാസുര ദളമെന്ന പുതിയ ദളവുമായി മാവോയിസ്റ്റുകൾ. വിക്രം ഗൗഡ, സുരേഷ്, ജയണ്ണ എന്നിവരാണ് പുതിയ ദളത്തിന് നേതൃത്വം നൽകുക.

പശ്ചിമഘട്ട സോണൽ കമ്മിറ്റിക്ക് കീഴിൽ ഭവാനി ദളം, നാടുകാണി ദളം, കബനി ദളം എന്നീ മൂന്ന് ദളങ്ങൾ കേന്ദ്രീകരിച്ചായിരുന്നു മാവോയിസ്റ്റുകളുടെ പ്രവർത്തനം. നിലവിൽ വിക്രം ഗൗഡ, സുരേഷ്, ജയണ്ണ എന്നിവർ കബനി ദളത്തിലാണ് പ്രവർത്തിക്കുന്നത്.

ഇതിൽ പാലക്കാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഭവാനി ദളത്തിന് നേതൃത്വം കൊടുത്തിരുന്ന നാല് പേർ കൊല്ലപ്പെട്ടതോടെയാണ് പുതിയ ദളം രൂപീകരിച്ചത്. നിലവിൽ വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കബനി ദളത്തെ രണ്ടായി വിഭജിച്ചാണ് ബാണാസുര ദളത്തിന് രൂപം നൽകിയത്. ബാണാസുര ദളവും വയനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കും. മലപ്പുറം കേന്ദ്രീകരിച്ച് നാടുകാണി ദളവും പാലക്കാട് കേന്ദ്രീകരിച്ച് ഭവാനി ദളവും പ്രവർത്തിക്കുന്നു. പുതിയ ദളത്തിന്റെ രൂപീകരണത്തിന് ശേഷം മാവോയിസ്റ്റുകൾ അമ്പായത്തോട് പരസ്യമായി പ്രകടനം നടത്തിയിരുന്നു. അട്ടപ്പാടിയിലെ ഏറ്റുമുട്ടലിനെ തുടർന്ന് രണ്ട് പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും അവരുടെ മോചനത്തിനായി രാഷ്ട്രീയ ഇടപെടൽ വേണമെന്നും കാട്ടി വയനാട് പ്രസ് ക്ലബിൽ കത്ത് വിതരണവും ചെയ്തിരുന്നു.

ഇന്ത്യയിൽ ആകെ നാല് സോണുകളിലായാണ് മാവോയിസ്റ്റുകളുടെ പ്രവർത്തനം. നോർത്ത് തെലങ്കാന സോൺ, അസാം - ഒറീസ ബോർഡർ സോൺ, ദണ്ഡകാരണ്യ സ്പെഷ്യൽ സോൺ എന്നിവയാണ് സോണൽ കമ്മിറ്റികൾ. പോളിറ്റ് ബ്യൂറോയ്ക്കും കേന്ദ്രകമ്മിറ്റിക്കും കീഴിലാണ് സോണൽ കമ്മിറ്റികൾ പ്രവർത്തിക്കുന്നത്. കേരളത്തിൽ ആകെ നാല് ദളങ്ങളിലായാണ് അവരുടെ പ്രവർത്തനം.