കൊടുങ്ങല്ലൂർ: താലൂക്കാശുപത്രിയിൽ പരിശോധനയ്ക്കായി എത്തിയ ആർക്കും കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയിട്ടില്ലെന്ന് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ അറിയിച്ചു. ചൈനയിൽ നിന്ന് മടങ്ങിയെത്തിയ നാലു പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്താൻ കഴിയാത്തതിനാൽ വീട്ടിലേയ്ക്ക് തിരിച്ചയച്ചു. രണ്ട് ദിവസങ്ങൾക്ക് മുൻപ് ചൈനയിൽ നിന്നെത്തിയ മറ്റൊരു വിദ്യാർത്ഥിനിയുടെയും ആ കുട്ടിയുമായി അടുത്ത് ഇടപഴകിയ കുടുംബാംഗങ്ങൾ ഉൾപ്പെടെ 16 പേരുടെയും രക്തസാമ്പിൾ ആലപ്പുഴ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കയച്ചതായും പരിശോധന ഫലം ഉടനെ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ചെയർമാൻ പറഞ്ഞു.
ആശുപത്രിയിലെ പേ വാർഡിലുണ്ടായിരുന്ന രോഗികളെ മാറ്റി ആ വാർഡ് കൊറോണ വൈറസ് ചികിത്സാ ആവശ്യത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ജാഗ്രതാ സമിതികൾ രൂപീകരിച്ചു. ഇതിനൊപ്പം നഗരസഭയിലെ ആശാ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, അംഗൻവാടി വർക്കർമാർ എന്നിവർക്ക് ബോധവത്കരണ പരിശീലന പരിപാടികൾ നടത്തിക്കഴിഞ്ഞു. രോഗമുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർ ആശുപത്രിയിൽ എത്രയുംവേഗം പരിശോധനയ്ക്ക് വിധേയരാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.