kda-malinyam
ദേശീയപാതയോരത്ത് കാടുപിടിച്ച സ്ഥലങ്ങളിൽ ഉപേക്ഷിച്ച മാലിന്യം

കൊടകര: ദേശീയപാതയോരങ്ങളിൽ മാലിന്യം ഉപേക്ഷിക്കുന്നത് പതിവാകുന്നു. വാഹനങ്ങളിൽ നിന്ന് വലിച്ചെറിയുന്നതും രാത്രി കാലങ്ങളിൽ കൊണ്ടു വന്നു തള്ളുന്നതുമായ അവശിഷ്ടങ്ങളാണ് ഏറിയ പങ്കും. കൊടകര മേൽപാലം ജംഗ്ഷൻ മുതൽ ഗാന്ധിനഗർ വരെയുള്ള സർവീസ് റോഡരികിൽ മാലിന്യം നിറയുകയാണ്. കാട് പിടിച്ച് കിടക്കുന്ന കാനയുടെ വിവിധഭാഗങ്ങളിലായി ചാക്കുകണക്കിന് മാലിന്യങ്ങളാണ് കിടക്കുന്നത്. ഇവ ചീഞ്ഞളിയുന്നതോടെ ദുർഗന്ധവും അസഹനീയമാണ്. മാലിന്യം കുന്നുകൂടുന്നതോടെ തീയിടുന്നതും പതിവാണ്.

വിവിധ സ്ഥലങ്ങളിൽ നിന്നും കൊണ്ടുവരുന്ന പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങളാണ് ഇവിടെ ഉപേക്ഷിക്കുന്നത്. വീടുകളിൽ നിന്നുള്ള മാലിന്യവും നിക്ഷേപിക്കുന്നുണ്ട്. ചാക്കുകളിലും നിരോധിച്ച വലിയ പ്ലാസ്റ്റിക് കവറിലാക്കിയും മാലിന്യം തള്ളുന്നു. ദുർഗന്ധമുള്ളതിനാൽ മൂക്കുപൊത്താതെ ഈ വഴി കടന്നുപോകാനാവില്ല. കാൽനടക്കാർക്കാണ് കൂടുതൽ ദുരിതം. മഴക്കാലമായാൽ മാലിന്യങ്ങൾ അഴുക്കുവെള്ളത്തിൽ കെട്ടിക്കിടന്ന് കൊതുക് വളരുന്നതിനും രോഗങ്ങൾ പകരുന്നതിനും ഇടവരുത്തും. വള്ളിച്ചെടികളും കുറ്റിച്ചെടികളും വളർന്ന് കാട് പിടിച്ച് കിടക്കുന്നതിനാൽ മഴവെള്ളവും മറ്റും ഒഴുകിപോകുന്നതിനുള്ള ഡ്രൈനേജ് സംവിധാനവും ഇവിടെ കാര്യക്ഷമമല്ല. മേൽപാലത്തിന്റെ ഇരുവശത്തുള്ള സർവീസ് റോഡുകളുടെ വശങ്ങളിലും ശുചീകരണമില്ലാത്തതിനാൽ കാടുപിടിച്ച് കിടക്കുകയാണ്. ഇതും മാലിന്യം തള്ളുന്നവർ ഉപയോഗപ്പെടുത്തുന്നു.

കാടുപിടിച്ച് കിടക്കുന്ന ദേശീയപാതയുടെ വിവിധ ഭാഗങ്ങളിൽ മാലിന്യം കുമിഞ്ഞുകൂടി കഴിഞ്ഞു. അറവു മാലിന്യങ്ങളും ചാക്കുകളിലാക്കി രാത്രിയിൽ തള്ളുന്നതായും പരാതിയുണ്ട്. നാഷണൽ പെർമിറ്റ് ലോറികൾ മുതൽ ചെറുവണ്ടികൾ വരെ ശുചിമുറി മാലിന്യങ്ങളടക്കം കയറ്റിവന്ന് പാതയോരങ്ങളിൽ നിറുത്തിയിട്ട് ഉപേക്ഷിച്ച് കടന്നു കളയുന്നുണ്ട്. ദേശീയപാതയോരത്തെ മാലിന്യ നീക്കം ആരുടെ ചുമതലയാണെന്ന കാര്യത്തിൽ നേരത്തെ മുതൽ തർക്കം നിലവിലുണ്ട്. പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

..............................

മാറാതെ മാലിന്യം നടപടി മറന്ന് അധികൃതർ

മാലിന്യം തള്ളുന്നത് കൂടുതലും രാത്രിയിൽ

റോഡിന്റെ വശങ്ങൾ കാടുപിടിച്ച് കിടക്കുന്നത് ഇത്തരക്കാർക്ക് സഹായം

മാലിന്യം ചീഞ്ഞളിയുന്നതോടെ ദുർഗന്ധം അസഹനീയം

മാലിന്യം തീയിടുന്നതും പതിവ്

തള്ളുന്നത് പ്ലാസ്റ്റിക്,​ ഭക്ഷണ അവശിഷ്ടങ്ങൾ,​ അറവ് മാലിന്യം,​ ശുചിമുറി മാലിന്യം തുടങ്ങിയവ

മഴക്കാലമായാൽ മാലിന്യങ്ങൾ അഴുക്കുവെള്ളത്തിൽ കെട്ടിക്കിടന്ന് രോഗങ്ങൾ പകരുമെന്ന ഭീതിയിൽ നാട്ടുകാർ