ചെറുതുരുത്തി: പൈങ്കുളം ഉന്നത്തൂർ മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഷഢാധാര പ്രതിഷ്ഠ ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കും. ആയിരം വർഷത്തിലേറെ പഴക്കമുള്ളതും വട്ട ശ്രീകോവിലോടു കൂടിയതുമായ ക്ഷേത്രത്തിന്റെ പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ചടങ്ങ്.
ക്ഷേത്രത്തിൽ രാവിലെ ഏഴിന് ആരംഭിക്കുന്ന വിശേഷാൽ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ശ്രീലശ്രീ അന്തശയന ശർമ്മ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്നുള്ള ചടങ്ങുകൾക്ക് സ്തപതി ചേറായി വേണു ആചാരി, ശിൽപ്പി മീറ്റ്‌ന രാമദാസ്, ആറ്റത്തറ മണികണ്ഠൻ തുടങ്ങിയവർ നേതൃത്വം നൽകും. ആത്മീയാചാര്യന്മാരും സംബന്ധിക്കും. രാവിലെ ഏഴിന് പൈങ്കുളം മാവിൻ ചുവട്ടിൽ നിന്നും നൂറുകണക്കിനു താലങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഘോഷയാത്ര പൈങ്കുളം സെന്റർ വഴി ക്ഷേത്രത്തിലെത്തിച്ചേരും.
ചടങ്ങുകൾക്കു ശേഷം അന്നദാനവും ഉണ്ടാകും. ഒന്നേകാൽ കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കാണ് രൂപം നൽകിയിട്ടുള്ളതെന്ന് ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളായ കെ.പി. രാമചന്ദ്രൻ, കെ.ആർ. സുധീർ, എൻ.ആർ. രമേഷ് തുടങ്ങിയവർ അറിയിച്ചു.