ചാലക്കുടി: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം മദ്യശാലയിൽ നശിപ്പിക്കുന്നതിന് മണ്ണിൽ കുഴിച്ചിട്ട വിദേശമദ്യം പരിസരത്തെ കിണറുകളിലെത്തി. ഇതോടെ പതിനെട്ട് കുടുംബങ്ങളുടെ കുടിവെള്ളവും മുടങ്ങി. പ്രശ്‌ന പരിഹാരത്തിന് നഗരസഭ നടപടി തുടങ്ങിയിട്ടുണ്ട്. രചന ബിയർ പാർലറിൽ നിന്നാണ് കഴിഞ്ഞ ദിവസം രണ്ടായിരം ലിറ്റർ പഴകിയ വിദേശ മദ്യം കുഴിച്ചുമൂടിയത്.
സമീപത്തെ കിണറുകളിലേക്ക് ഊർന്നിറങ്ങുകയായിരുന്നു. തൊട്ടടുത്ത മാളിയേക്കൽ ജോഷിയുടെ ഫ്‌ളാറ്റിലെ കിണറിലാണ് ആൽക്കഹോൾ കൂടുതൽ എത്തിയത്. പതിനെട്ട് കുടുംബങ്ങൾ ഉപയോഗിക്കുന്ന കിണറിലെ വെള്ളം ഉപയോഗ ശൂന്യമായത് വലിയ ബഹളത്തിനിടയാക്കി. തിങ്കളാഴ്ച രാവിലെ മുതൽ ഇവർക്ക് വെള്ളം കുടിക്കാൻ കഴിഞ്ഞില്ല.
കുട്ടികളെ സ്‌കൂളുകളിലേക്ക് അയക്കാൻ കഴിയാതെ വീട്ടുകാർ നട്ടം തിരിഞ്ഞു. കിണറിലും പരിസരത്തും രൂക്ഷമായ ആൽക്കഹോൾ മണം ഉയർന്നു. പിന്നീട് നഗരസഭ അധികൃതർ പ്രശ്‌നത്തിൽ ഇടപെട്ട് ഫ്‌ളാറ്റിലേക്ക് അടിയന്തരമായി ടാങ്കിൽ വെള്ളം എത്തിച്ചു. കൂടാതെ വാട്ടർ അതോറിറ്റിയുടെ രണ്ടു കണക്‌ഷനുകളും ഇവർക്ക് നൽകും. സാധാരണ ബാറുകളിൽ വിദേശ മദ്യ വിൽപ്പന നിരോധിച്ച നാലര വർഷം മുമ്പുള്ള മദ്യമായിരുന്നു ഇവ. എക്‌സൈസ് വകുപ്പിന്റെ അനുമതിയോടെയായിരുന്നു നശിപ്പിച്ചത്.
കുടിവെള്ളം മുടങ്ങിയത്
18 കടുംബങ്ങളുടെ
--------
കുഴിച്ചുമൂടിയത്
2000 ലിറ്റർ വിദേശമദ്യം
-------
നശിപ്പിച്ച മദ്യം
4.6 വർഷം മുമ്പുള്ളവ
തിങ്കളാഴ്ച രാവിലെ മുതൽക്കാണ് കിണറിൽ മദ്യത്തിന്റെ മണം അനുഭവപ്പെട്ടത്. എത്രയും വേഗം കിണർ ശുചീകരിക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ഉറപ്പുനൽകിയിട്ടുണ്ട്. ഇതിലാണ് പ്രതീക്ഷ.
- ജോഷി മാളിയേക്കൽ, ഫ്‌ളാറ്റ് ഉടമ