പാവറട്ടി: ജൈവ വൈവിദ്ധ്യ സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് കേരള വനംവകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വനമിത്ര അവാർഡിന് എൻ.ജെ. ജയിംസ് അർഹനായി. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. തൃശൂർ ജില്ലയിലെ ചാവക്കാട് കടൽത്തീരം കടലാമ സാഹാർദ്ദമാക്കിയതിനും മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കയലോരത്ത് കണ്ടൽക്കാടുകൾ വച്ചുപിടിപ്പിച്ചതിനും കടപ്പുറം പഞ്ചായത്തിൽ ഗ്രീൻ ബെൽറ്റ് വച്ച് പിടിപ്പിച്ചതിനും സംരക്ഷണത്തിനും നേതൃത്വപരമായ പങ്കുവഹിച്ചതും പരിഗണിച്ചാണ് വനമിത്ര പുരസ്‌കാരം സമ്മാനിച്ചത്.
പത്ത് വർഷം മുമ്പ് പാവറട്ടി പഞ്ചായത്തിലെ കായലോരത്ത് കണ്ടൽചെടികൾ നട്ടും സംരക്ഷണ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചുമാണ് സാമൂഹിക വനവത്കരണ രംഗത്ത് പ്രവർത്തിക്കാൻ ജയിംസ് മാസ്റ്റർ തുടങ്ങിയത്. പാവറട്ടി, പുന്നയൂർ, പുന്നയൂർക്കുളം, കടപ്പുറം പഞ്ചായത്തുകൾ, ചാവക്കാട് മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ജൈവവൈവിദ്ധ്യ സംരക്ഷണ ബോധവത്കരണ പ്രവർത്തനങ്ങൾക്കും നേതൃത്യം നൽകിവരുന്നു.
എടക്കഴിയൂർ സീതി സാഹിബ് സ്‌കൂൾ ജീവശാസ്ത്ര അദ്ധ്യാപകൻ, ചാവക്കാട് ജില്ലാ പരിസ്ഥിതി ക്ലബ്ബ് സെക്രട്ടറി, പാവറട്ടി പഞ്ചായത്ത് ബി.എം.സി അംഗം പരിസ്ഥിതി സംഘടനയായ ഗ്രീൻ ഹാബിറ്റാറ്റ് സംഘടനയുടെ എക്‌സിക്യൂട്ടീവ് ഡയറകടർ, മുദ്ര സാംസ്‌കാരിക വേദി ട്രഷറർ എന്നീ രംഗങ്ങളിൽ പ്രവർത്തിച്ചു വരുന്നു. മാർച്ച് 21ന് വന ദിനത്തിൽ പുരസ്‌കാരം വിതരണം ചെയ്യുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.