കൊടുങ്ങല്ലൂർ: രാത്രിയിൽ ഒരു കാർ ഉൾപ്പെടെ മൂന്ന് വാഹനങ്ങൾ ചുട്ടെരിച്ചു. ഒരു കാർ എറിഞ്ഞു തകർത്തു. വിവിധ ക്‌ളബ്ബുകൾക്ക് നേരെയും അക്രമമുണ്ടായി. നഗരസഭയിലെ തണ്ടാകുളം തണ്ടാംകുളത്ത് വലിയപറമ്പിൽ ഉണ്ണിയുടെ വീടിന് മുന്നിൽ സൂക്ഷിച്ചിരുന്ന ഒരു ബുള്ളറ്റ് എടവിലങ്ങിലെ വത്സാലയത്തിൽ പാർക്ക് ചെയ്തിരുന്ന തെക്കൂട്ട് അനിലിന്റെ മാരുതി റിറ്റ്‌സ് കാർ, എടവിലങ്ങിലെ ഏഴാം വാർഡംഗം കൂടിയായ പറക്കോട്ട് സുരേഷ് കുമാറിന്റെ ഹോണ്ട ഡ്യൂക്ക് സ്‌കൂട്ടർ എന്നിവയാണ് കത്തിച്ചത്. ആല ത്രിവേണിയിൽ ചാണാശ്ശേരി കുട്ടൻശാന്തിയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന പൂതോട്ട് അനുവിന്റെ ടവേര കാറിന് നേരെ കല്ലേറുണ്ടായി.
ത്രിവേണി ഭാഗത്തെ ദേശബോർഡ് സ്ഥാപിച്ചിരുന്ന പോസ്റ്റ് വളച്ചൊടിച്ചിട്ടുണ്ട്. ഇതിന് പുറമെ നഗരസഭാ ഒന്നാം വാർഡിലെ നരേന്ദ്ര ക്‌ളബ്ബ്, ആല കളരിപ്പറമ്പിലെ വിവേകാനന്ദ ക്‌ളബ്ബ് എന്നിവിടങ്ങളിലും തീവയ്പുണ്ടായി. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു ആക്രമണം. ബി.ജെ.പി ശക്തികേന്ദ്രങ്ങളിൽ ബി.ജെ.പി സഹയാത്രികരുടെ വീടുകൾക്ക് നേരെയാണ് അതിക്രമം. കഴിഞ്ഞ ദിവസം സി.എ.എ അനുകൂല സമ്മേളനത്തിലെ മുഖ്യപ്രാസംഗികനായ ആർ.എസ്.എസ് നേതാവ് വത്സൻ തില്ലങ്കേരിക്ക് ആതിഥ്യമരുളിയ വീടുൾപ്പെടെ ഇതിലുൾപ്പെട്ടിട്ടുണ്ട്. മേഖലയിൽ വീണ്ടെടുക്കപ്പെട്ട സമാധാനാന്തരീക്ഷം തകർക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ ആസൂത്രണം ചെയ്യപ്പെട്ട അതിക്രമമാണിതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്നലെ വൈകീട്ട് നഗരത്തിൽ ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം നടന്നു. കെ.എസ്. വിനോദ്, സെൽവൻ മണക്കാട്ടുപടി, പി.എസ് അനിൽകുമാർ, എം.ജി പ്രശാന്ത് ലാൽ, എൽ.കെ മനോജ്, കെ.എസ് ശിവറാം തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. സമാപന യോഗത്തിൽ കെ.ജി ശശിധരൻ സംസാരിച്ചു.