തൃശൂർ: കൊറോണ സ്ഥിരീകരിച്ച് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ രണ്ട് സാമ്പിളുകൾ കൂടി പൂനെയിലുളള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതിന്റെ ഫലം പൊസിറ്റീവായി. ഫലം നെഗറ്റീവ് ആകുന്നതുവരെ ഒന്നിടവിട്ട ദിവസങ്ങളിൽ സാമ്പിൾ അയയ്ക്കും. അതേസമയം, വിദ്യാർത്ഥിനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ജനറൽ ആശുപത്രിയിൽ നിന്ന് രണ്ടും മെഡിക്കൽ കോളേജിൽ നിന്ന് മൂന്നും ഉൾപ്പെടെ അഞ്ച് സാമ്പിളുകൾ പുതുതായി പരിശോധനയ്ക്ക് അയച്ചു. ഇതുവരെ ജില്ലയിൽ നിന്ന് പരിശോധനയ്ക്ക് അയച്ചത് 50 സാമ്പിളുകളാണ്. 10 സാമ്പിളുകളുടെ ഫലം ഇതു വരെ ലഭിച്ചതിൽ രോഗം സ്ഥിരീകരിച്ച പെൺകുട്ടിയുടെ ഫലം മാത്രമേ പോസിറ്റീവുളളൂ. പൂനെയിൽ നിന്ന് അഞ്ച് സാമ്പിളുകളുടെയും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 35 സാമ്പിളുകളുടെയും ഫലം ഇനിയും ലഭിക്കാനുണ്ട്. ഇന്നലെ രണ്ടു പേരെ കൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
അനിമേഷൻ വീഡിയോയും
കൊറോണയെക്കുറിച്ചുളള വിവരങ്ങൾ പൊതുജനങ്ങൾക്കിടയിൽ എത്തിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ 40 ലക്ഷം വിദ്യാർത്ഥികളും ഒരേ സമയം കാണുന്ന രീതിയിൽ സ്മാർട്ട് ക്ലാസ് റൂമുകൾ വഴി അനിമേഷൻ വീഡിയോ പ്രദർശിപ്പിച്ചു. കാണിക്കാൻ കഴിയാത്ത സ്‌കൂളുകളിൽ ഇന്ന് പ്രദർശിപ്പിക്കും. നോട്ടീസുകൾ, പോസ്റ്ററുകൾ എന്നിവയും വിതരണം ചെയ്തിട്ടുണ്ട്.
കൺട്രോൾ റൂമിൽ പരാതി
നാട്ടികയിൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നയാൾ പുറത്ത് ഇറങ്ങി നടക്കുന്നുവെന്ന പരാതി കാൾ സെന്ററിൽ ലഭിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ് ജീവനക്കാർ പൊലീസിന്റെ സഹായം തേടി. രോഗം സ്ഥിരീകരിച്ചവർ സഞ്ചരിച്ച വിമാനത്തിൽ യാത്ര ചെയ്തയാളുകൾ സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കണമെന്ന നിർദ്ദേശവും കാൾ സെന്റർ വഴി നൽകി.
ജില്ലയിൽ നിരീക്ഷണത്തിൽ
വീടുകളിൽ 165
ആശുപത്രിയിൽ 24 പേർ
ജില്ലാ ആശുപത്രിയിൽ 8 പേർ
മെഡിക്കൽ കോളേജിൽ 16 പേർ