ചാവക്കാട്: ഗുരുവായൂരിന്റെ ചരിത്ര ശേഷിപ്പുകളിൽ പെട്ട കിഴക്കെ നടയിലുള്ള തീയരമ്പലത്തിന്റെ കരിങ്കൽ തറ തകർത്ത സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. എസ്.എൻ.ഡി.പി യോഗം ഗുരുവായൂർ യൂണിയൻ യൂത്ത് മൂവ്‌മെന്റും പ്രതിഷേധവുമായി രംഗത്തെത്തി. അമൃത് കുടിവെള്ള പദ്ധതിക്ക് പൈപ്പിടാനായി ജെ.സി.ബി ഉപയോഗിച്ച് റോഡ് പൊളിക്കുന്നതിനിടെയാണ് തീയ്യരമ്പലത്തിന്റെ കരിങ്കൽ തറ തകർന്നത്.
ഉദ്യാഗസ്ഥരുമായി യൂണിയൻ യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ സംസാരിച്ചപ്പോൾ അമൃതം പദ്ധതിയുടെ എൻജിനിയർമാരും കരാറുകാരും ദേവസ്വം എൻജിനിയർമാരും പരസ്പരം പഴിചാരുകയായിരുന്നു. ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ നടപടിയിൽ ഗുരുവായൂർ ദേവസ്വം അടിയന്തരമായി ഇടപെടണമെന്നും അല്ലെങ്കിൽ ശക്തമായ സമര പരിപാടിയുമായി മുന്നോട്ടു നീങ്ങുമെന്നും യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ പ്രസിഡന്റ് കെ.ആർ. ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി അജയ് നെടിയേടത്ത് എന്നിവർ മുന്നറിയിപ്പ് നൽകി.
പ്രതിഷേധ യോഗത്തിൽ വൈസ് പ്രസിഡന്റ് സുബാഷ് വാഴേപറമ്പിൽ, ജോയിന്റ് സെക്രട്ടറിമാരായ രാജീവ്, പ്രസന്നൻ, രജനീഷ് കുമാർ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.