ചാലക്കുടി: പരേതർ അരിയും ഗോതമ്പും വാങ്ങുന്ന തട്ടിപ്പ് കണ്ടെത്തിയതോടെ ചാലക്കുടി താലൂക്ക് സപ്ലൈസ് ഓഫീസിന്റെ പരിധിയിലെ ഇരുപത് റേഷൻ കടയുടമകളുടെ പേരിൽ സിവിൽ സപ്ളൈസ് ഉദ്യോഗസ്ഥർ നോട്ടീസ് അയച്ചു. സംസ്ഥാനത്തെ റേഷൻ കടകളിൽ ഇ പോസ് മെഷീൻ സ്ഥാപിച്ചിട്ടും മാനുവൽ ട്രാൻസാക്‌ഷന്റെ മറവിലാണ് ഡീലർമാരുടെ തട്ടിപ്പ്. പ്രതിവർഷം ലക്ഷങ്ങൾ പോക്കറ്റിലാകുന്ന തട്ടിപ്പാണിത്. ഒരംഗം മാത്രം ഉൾപ്പെടുന്നതും പിന്നീട് ഉടമ മരണപ്പെട്ടതുമായ എ.എ.വൈ, ബി.പി.എൽ കാർഡുകളാണ് കൃത്രിമത്തിന് ഉപയോഗിക്കുന്നത്. ചാലക്കുടി താലൂക്ക് സപ്ലൈസ് ഓഫീസിന്റെ പരിധിയിൽ ആയിരത്തിൽ കൂടുതൽ ഇത്തരം കാർഡുകളുണ്ടെന്നാണ് കണക്ക്. ഇവർ മരിച്ചുവെന്ന് സിവിൽ സപ്ലൈസിൽ രേഖകളില്ല. അഞ്ചു വർഷം മുമ്പ് മരിച്ചുപോയ വ്യക്തിയുടെ പേരിൽ പോലും ഇപ്പോഴും സൗജന്യമായി സാധനം പോകുന്നുണ്ട്. എ.എ.വൈ കാർഡുകളിലെ അംഗത്തിന് പ്രതിമാസം മുപ്പത് കിലോ അരിയും 5 കിലോ ഗോതമ്പും സൗജന്യമാണ്. അര ലിറ്റർ മണ്ണെണ്ണ, ഒരു കിലോ പഞ്ചസാരയും ലഭിക്കും.
ബി.പി.എൽ വിഭാഗത്തിന് നാമമാത്രമായ തുകയ്ക്കും ഇത്തരം സാമഗ്രി ലഭിക്കുന്നുണ്ട്. എൻ.പി.എസ്. എൻ.പി.എൻ.എസ് വിഭാഗങ്ങളിലെ ഒറ്റയാൾ കാർഡ് ഉടമ മരണപ്പെട്ടാലും കടക്കാർതന്നെ ഇവരുടെ റേഷൻ സാധനങ്ങൾ കൈപ്പറ്റും. ഇ പോസ് മെഷിൻ തകരാറാകുന്ന വേളയിൽ മാനുവൽ സമ്പ്രദായത്തിൽ ഉടമകൾക്ക് റേഷൻ സാധനം നൽകാം. ഇതിൽ രണ്ടോ മൂന്നോ തവണ ആര് കൈവിരൽ അമർത്തിയാലും ഉടമ സാധനം കൈപ്പറ്റിയെന്ന രേഖയായി മാറും. ഇത്തരത്തിലാണ് മരിച്ചവർ അരി വാങ്ങിപ്പോകുന്നത്. പട്ടിക ജാതി പട്ടിക വിഭാഗങ്ങളുടെ പേരിലാണ് കൃത്രിമം കൂടുതലും.
മാള ഫർക്കയിലെ ഒന്നും കുറ്റിക്കാടുള്ള മറ്റൊരു റേഷൻ കടയും തട്ടിപ്പു നടത്തിയതിന്റെ പേരിൽ ലൈസൻസ് നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ഒരംഗം മാത്രമുള്ള കാർഡ് ഉടമ മരിച്ചാൽ ബന്ധുക്കൾ സാധാരണ സിവിൽ സപ്ലൈ ഓഫീസിൽ വിവരം നൽകാൻ മെനക്കെടാറില്ല. തദ്ദേശ സ്ഥാപനം മുഖേന വിവരം എത്തുമ്പോഴേയ്ക്കും വർഷം മൂന്നും നാലും പിന്നിടും. ഇത്രയും കാലം റേഷൻ സാമഗ്രികൾ സർക്കാരിന് നഷ്ടപ്പെടും. പുതിയ തട്ടിപ്പ് പിടികൂടിയ സാഹചര്യത്തിൽ ഉദ്യോഗസ്ഥർ കൂടുതൽ പരിശോധനകളിലേക്ക് കടന്നു. ഇതോടെ കൃത്യമായി റേഷൻ വ്യാപാരം നടത്തുന്നവരും നാണക്കേടിലാണ്..
തട്ടിപ്പ് ഇങ്ങനെ
ഒരംഗം മാത്രമുള്ള കാർഡ് ഉടമ മരിച്ചാൽ സിവിൽ സപ്ളൈസിൽ വിവരം ലഭിക്കില്ല
ഇ പോസ് മെഷീൻ തകരാറിലായാൽ മാനുവൽ സമ്പ്രദായത്തിൽ ഇവരുടെ റേഷൻ രേഖപ്പെടുത്തും
ചാലക്കുടി താലൂക്ക് സപ്ലൈസ് ഓഫീസിന്റെ പരിധിയിലുള്ളത് ആയിരത്തിലധികം ഒറ്റയാൾ റേഷൻകാർഡ്
തട്ടിപ്പിന്റെ വ്യാപ്തിയെക്കുറിച്ചും അന്വേഷണം