kda-arrest-ranjith
അറസ്റ്റിലായ രഞ്ജിത്ത്

ആളൂർ: അര ലക്ഷത്തോളം രൂപയുടെ കള്ളനോട്ടുമായി യുവാവ് പിടിയിൽ. കാസർകോട് കോട്ടമല ഭീമനടി മാങ്ങോട് സ്വദേശി കിള്ളിമല വീട്ടിൽ രമണന്റെ മകൻ രഞ്ജിത്താണ് (30) പിടിയിലായത്. ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷും സംഘവുമാണ് ഇയാളെ പിടികൂടിയത്. കൊടകരയിൽ കഞ്ചാവുമായി പിടിയിലായ യുവാവിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ദിവസമായി ചാലക്കുടി ഡിവൈ.എസ്.പിയുടെ കീഴിൽ വരുന്ന പുതുക്കാട്, ചാലക്കുടി, കൊരട്ടി തുടങ്ങി സ്റ്റേഷൻ പരിധികളിലെ റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് പ്രത്യേകാന്വേഷണ സംഘം നിരീക്ഷണം നടത്തി വരുന്നതിനിടെയാണ് യുവാവ് പിടിയിലാകുന്നത്. കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനിൽ ഷോൾഡർ ബാഗുമായി വന്നിറങ്ങിയ യുവാവ് അപരിചിത ഭാവേന റെയിൽവേ സ്റ്റേഷൻ പരിസരത്ത് ചുറ്റിക്കറങ്ങുന്നത് കണ്ട ഷാഡോ പൊലീസ് വിശദമായി ചോദ്യം ചെയ്യവേയാണ് അറുപത്തി മൂന്നോളം അഞ്ഞൂറു രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തിയത്. യുവാവിനെ ആളൂർ സ്റ്റേഷനിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിൽ മംഗലാപുരം സ്വദേശിയായ സുഹൃത്തിൽ നിന്നാണ് കള്ളനോട്ടുകൾ ലഭിച്ചതെന്നും എറണാകുളത്ത് വിതരണം ചെയ്യാനാണ് കൊണ്ടുവന്നതെന്നുമാണ് പറഞ്ഞത്. ഇക്കാര്യത്തിലൊക്കെ വിശദമായ അന്വേഷണം നടത്തുമെന്ന് ചാലക്കുടി ഡിവൈ.എസ്.പി അറിയിച്ചു. കുറച്ചു നാൾ മുമ്പ് കൊടകര കൊളത്തൂർ സ്വദേശി ഹരിദാസും കള്ളനോട്ടടിക്കാനുള്ള പ്രിന്ററും അനുബന്ധ സാമഗ്രികളുമായി പിടിയിലായിരുന്നു. പിടിയിലായ രഞ്ജിത്തിനെ വൈദ്യ പരിശോധനയും മറ്റും പൂർത്തിയാക്കി ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. പ്രത്യേകാന്വേഷണ സംഘത്തിൽ ആളൂർ എസ്‌.ഐ സുശാന്ത് കെ.എസ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ്, സി.പി.ഒ അനീഷ്, ആളൂർ സ്റ്റേഷനിലെ അഡീഷണൽ എസ്‌.ഐമാരായ രവി, സത്യൻ, എ.എസ്‌.ഐ ദാസൻ, സീനിയർ സി.പി.ഒ ടെസി, സി.പി.ഒ സുരേഷ് കുമാർ എന്നിവരുമുണ്ടായി.