വടക്കാഞ്ചേരി: ഓരോ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും രാഷ്ട്രീയ കക്ഷികളുടെ പ്രകടനപത്രികയിൽ ഒരു വരിയുണ്ടാകും... 'വടക്കാഞ്ചേരിപ്പുഴയുടെ വികസനം, സ്വപ്നപദ്ധതിയുടെ വിവരണം.' ഒരു കാലത്ത് നാട്ടുകാർ കുളിക്കാനും നീന്താനുമൊക്കെ ഉപയോഗിച്ചിരുന്ന പുഴയുടെ വികസനം ആരും ആഗ്രഹിക്കുന്നതുകൊണ്ടാകാം പ്രകടന പത്രികയിലെ ഈ പ്രഖ്യാപനത്തട്ടിപ്പ്. കൊച്ചി രാജാവിന്റെ കൊട്ടരക്കെട്ടിനടുത്തൂടെ ഒഴുകിയിരുന്ന പുഴയെ ആശ്രയിച്ചായിരുന്നു ഒരു കാലത്ത് വടക്കാഞ്ചേരിയെന്ന ചെറുനഗരത്തിന്റെ ഉദയം പോലും.
വടക്കാഞ്ചേരിയുടെ ഹൃദയത്തിലൂടെ ഒഴുകുന്ന പുഴയുടെ ഭംഗിയും ഓളപ്പരപ്പും യൂസഫലി കേച്ചേരിയുടെ വരെ കവിതകളിൽ പ്രകടം. വാഴാനിയിൽ നിന്നും ഉത്ഭവിച്ച് വടക്കാഞ്ചേരി, എരുമപ്പെട്ടി പഞ്ചായത്തുകളിലൂടെ ഒഴുകി കേച്ചേരിയിൽ ഒഴുക്ക് നിലയ്ക്കുമ്പോഴേക്കും നിരവധി കൃഷിയിടങ്ങളുടെയും സാധാരണക്കാരുടെയും ദാഹമകറ്റിയിട്ടുണ്ടാകും ഈ പുഴ. കുളിക്കാനും നീന്താനും ഒക്കെ ഉപയോഗപ്പെടുത്തിയിരുന്ന പുഴ ഇന്ന് നാശത്തിന്റെ വക്കിലാണ്.
മാലിന്യം പുഴയിൽ ചിലർ ഒഴുക്കാൻ തുടങ്ങിയതോടെയാണ് ഉപയോഗശൂന്യമാകാൻ തുടങ്ങിയത്. പുഴയ്ക്ക് നാഥനില്ലാതായതോടെ ഇരുകരകളിലും കൈയേറ്റം വ്യാപകമായി. പുഴ സംരക്ഷിക്കാമെന്നേറ്റ ജനപ്രതിനിധികൾ കൈയൊഴിഞ്ഞപ്പോൾ പുഴയുടെ നാശം ബഹുവേഗത്തിലായി. പലയിടത്തും മൺതിട്ടകൾ ഉയർന്നു. പുഴ ഇപ്പോൾ വറ്റിവരണ്ട നിലയിലാണ്. വെള്ളമുണ്ടായാൽ മലിനപ്പെടുന്നതിനാൽ ഉപയോഗിക്കാനും കഴിയില്ല. ബോധവത്കരണ ക്ലാസുകളും സെമിനാറുകളും ഒട്ടനവധി നടക്കുന്നുണ്ടെങ്കിലും പുഴ സംരക്ഷണത്തിൽ ഇതൊന്നും പ്രതിഫലിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം.
സംരക്ഷണത്തിന് സി.എന്റെ പദ്ധതി
സി.എൻ. ബാലകൃഷ്ണൻ മന്ത്രിയായിരിക്കെ വടക്കാഞ്ചേരി പുഴ സംരക്ഷണത്തിന് പദ്ധതി ഒരുക്കിയിരുന്നു. മലിനീകരണ ബോർഡിൽ നിന്നും പണം കണ്ടെത്തി വികസനം നടപ്പാക്കുകയായിരുന്നു ലക്ഷ്യം. ചാലിപ്പാടം ചിറ മുതൽ കുമ്മായച്ചിറ വരെ പുഴയോര നടപ്പാത, പുഴയോരത്തെ പുറമ്പോക്ക് ഭൂമിയിൽ ഗാർഡനുകൾ, ബോട്ടിംഗ് എന്നിവ ഉൾപ്പെട്ടതായിരുന്നു ഇത്. പുലർച്ചെ മുതൽ പുഴയോരത്ത് ആൾ സഞ്ചാരമാകുമ്പോൾ പുഴ മലിനമാകില്ലെന്നായിരുന്നു കണക്കുകൂട്ടൽ. പ്ലാൻ തയ്യാറാക്കിയെങ്കിലും ഭരണം മാറിയതോടെ മുടങ്ങി.
ശ്രദ്ധയൂന്നി മന്ത്രി എ.സി. മൊയ്തീനും
വടക്കാഞ്ചേരി പുഴയെ നെഞ്ചേറ്റുന്ന മന്ത്രി എ.സി. മൊയ്തീൻ സംരക്ഷണ നിർദേശം നഗരസഭയ്ക്ക് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പുഴയോരം അളന്നുതിട്ടപ്പെടുത്തി, കൈയേറ്റങ്ങൾ കല്ലിട്ടു തിരിച്ചു. മാലിന്യം തള്ളുന്നവർക്ക് കർശന ശിക്ഷാ നടപടി സ്വീകരിക്കാൻ നോട്ടീസ് നൽകി. നഗരസഭയുടെ കാലാവധി നവംബറിൽ തീരുന്നതോടെ പദ്ധതിയുടെ ഗതി എങ്ങട്ടെന്ന് അറിയില്ല. പ്രതാപകാലം സ്വപ്നം കാണുന്നവരുടെ വീണ്ടുമൊരു തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉയരുന്നത് ആശങ്ക മാത്രം.
വടക്കാഞ്ചേരിപ്പുഴ
വാഴാനിയിൽ നിന്നും ഉത്ഭവം, പുഴയിൽ രണ്ട് ചിറകളുണ്ട്
കൃഷിക്കും കുടിവെള്ളത്തിനും കുളിക്കാനും ഉപകരിക്കുന്നു
എരുമപ്പെട്ടി, വടക്കാഞ്ചേരി എന്നിവിടങ്ങളിലൂടെ ഒഴുകുന്നു
ഉത്രാളിക്കാവ് പൂരത്തിന് ശേഷം വാഴാനി വെള്ളം ഒഴുക്കും
പുഴയിൽ ചിറ നിർമ്മിച്ച് കൃഷിക്ക് ഉപയോഗപ്പെടുത്തും
വേനലിൽ വെള്ളം ഒഴുക്കുന്നതോടെ കിണറിനും ഉറവയാകും