കൊടുങ്ങല്ലൂർ: വിദ്വേഷത്തിന്റെ വിഷവിത്തുകൾ വിതയ്ക്കാനുള്ള നീക്കമാണ് ഇപ്പോഴുണ്ടായിട്ടുള്ള അക്രമ സംഭവങ്ങളെന്നും അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും അഡ്വ. വി.ആർ സുനിൽകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. മേഖലയിൽ സമാധാന അന്തരീക്ഷം ഉറപ്പുവരുത്താൻ മുഴുവൻ കക്ഷി നേതാക്കളും സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
വ്യാപാരികൾ നടത്തിയ കട അടക്കൽ സമരത്തിന് ശേഷം നടന്ന അക്രമണ സംഭവങ്ങളും ഇന്നലെ രാത്രി വിവിധ സ്ഥലങ്ങളിൽ നടന്ന അനിഷ്ട സംഭവങ്ങളും സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കാനും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും ജില്ലാ പൊലീസ് മേധാവിയോട് ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ ആവശ്യപ്പെട്ടു. പ്രശ്നങ്ങൾ സങ്കീർണ്ണമാകാതിരിക്കാൻ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി സർവകക്ഷി - സമാധാന യോഗം ചേരണമെന്ന് ചെയർമാൻ കെ.ആർ ജൈത്രൻ അറിയിച്ചു. സമാധാനം നിലനിറുത്തുവാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കൊടുങ്ങല്ലൂർ നഗരസഭ യോഗം ഐകകണ്ഠ്യേന ആവശ്യപ്പെട്ടു. മതസൗഹാർദ്ദവും സമാധാനാന്തരീക്ഷവും നിലനിറുത്താൻ എല്ലാവരും സഹകരിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.